go

തിരുവനന്തപുരം: കവി കാരണവന്മാർ അലിഞ്ഞു ചേർന്ന മണ്ണിൽ ഗോമതിപ്പിള്ളയുടെ ശരീരവും എരിഞ്ഞമർന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ജനകീയ കാവ്യങ്ങളായിരുന്ന രാമകഥപ്പാട്ടും ഭാരതപ്പാട്ടും തമിഴിന്റെ ഈണം നിലനിറുത്തി ചൊല്ലിയിരുന്ന ഗോമതിപ്പിള്ള. രാമായണം പൂർണരൂപത്തിൽ മലയാളത്തിൽ ആദ്യം രചിച്ച അയ്യിപ്പിള്ള ആശാന്റെ പരമ്പരയിലെ കണ്ണിയാണ്.

കർക്കടക സന്ധ്യകളിൽ കോവളത്ത് കവി സ്മാരകത്തിനു മുന്നിൽ നിലവിളക്ക് തെളിച്ച് 'അരുൾതര കവിതമാതും,​ അൻകരത്തോടുമെന്താൻ...' എന്നു തുടങ്ങുന്ന രാമകഥപ്പാട്ട് ചൊല്ലും അയ്യിപ്പിള്ള ആശാന്റെ അനുജൻ അയ്യനപിള്ള ആശാൻ രചിച്ച ഭാരതം പാട്ടും നാലരപതിറ്രാണ്ടോളം ചൊല്ലുമായിരുന്നു

വിഷ്ണുക്ഷേത്രങ്ങളിൽ ചന്ദ്രവളയമെന്ന സംഗീത ഉപകരണം കൊട്ടിപ്പാടിയിരുന്ന രാമകഥപ്പാട്ടിന് പുതുജീവൻ നൽകി.. കാവ്യത്തിന്റെ താളിയോലകൾ പലസ്ഥലങ്ങളിൽ നിന്നും ശേഖരിച്ച് ഡോ.പി.കെ.നാരായണപിള്ള 1972ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ ഒരു കോപ്പി സമ്മാനിച്ചു. ഒരു നിധിപോലെ അത് സൂക്ഷിച്ച അവർ ചൊൽവഴക്കം സ്വായത്തമാക്കി പാരായണം ചെയ്തു

വാർദ്ധക്യത്തിന്റെ ക്ഷീണം കാരണം താമസം നേമത്തെ മകളുടെ വീട്ടിലെക്ക് മാറ്റിയപ്പോഴും കർക്കടകം എത്തുമ്പോഴെല്ലാം രാമകഥപ്പാട്ട് . ഉറക്കെ ചൊല്ലും.

. പ്രദേശത്തെ മാദ്ധ്യമ പ്രവർത്തകർ തയ്യാറാക്കിയ 'കാവ്യ ഭൂപടത്തിലെ കോവളം' എന്ന ഡോക്യുമെന്ററിയിലൂടെ ഇനി ഗോമതിയമ്മയുടെ ജീവസുറ്റ ചലനങ്ങൾ കാണാനാവും. .