padma
എ. പദ്മകുമാർ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ നടപടിയെടുത്തെന്ന് പ്രസിഡന്റ് എ.പദ്മകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയിൽ ബോർഡിന്റെ കൈവശമുണ്ടായിരുന്നു ഭൂമിയുടെ അളവ് 50 ഏക്കറായിരുന്നു. ഇത് വനംവകുപ്പുമായി ചേർന്ന് സംയുക്ത സർവേ നടത്തി 94 ഏക്കറായി വർദ്ധിപ്പിക്കാനായി.
1250 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനും പ്രത്യേക മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് നടപടികൾ ഈ ബോർഡിന്റെ കാലത്ത് തുടങ്ങി. ശബരിമലയിൽ നടവരവായി കിട്ടിയ സ്വർണം,വെള്ളി എന്നിവയുടെ കൃത്യമായ കണക്ക് സൂക്ഷിച്ചിരുന്നില്ല. പലപ്പോഴും ഉദ്യോഗസ്ഥർ സ്ഥാനം ഒഴിയുമ്പോൾ ഇതിന്റെ കണക്ക് കൈമാറുമായിരുന്നില്ല. എന്നാൽ തൂക്കം രേഖപ്പെടുത്തി ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് നൽകി.
പത്തനംതിട്ട വെട്ടൂരിൽ പുതിയ ലാ കോളേജിനും കാട്ടാക്കടയിൽ ആർട്സ് ആൻഡ് സയൻസ് കേളേജിനും സ്ഥലപരിശോധനയ്ക്ക് തീരൂമാനമായിരുന്നു. ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ നിയമിക്കുകയോ മുൻപ് നിയമിച്ചവരെ സ്ഥിരപ്പെടുത്തുകയോ ചെയ്തിട്ടില്ല. ജീവനക്കാരുടെ പുനർവിന്യാസ നടപടികളും തുടങ്ങി.
കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ നിന്നുള്ള വരുമാനത്തിൽ നേരിട്ടുണ്ടായ വരുമാന നഷ്ടം 98.66 കോടിയുടേതാണ്. മുൻ വർഷങ്ങളിലുണ്ടായതിപോലെ ഉണ്ടാകുമായിരുന്ന വർധനവ് കൂടി പരിഗണിച്ച് 22 കോടിയുടെ വർധനയാണ് കഴിഞ്ഞ മണ്ഡലകാലത്ത് അധികമായി പ്രതീക്ഷിച്ചിരുന്നത്. അതു ഉണ്ടായില്ല. ഫലത്തിൽ മൊത്തം 120 കോടിയുടെ കുറവാണുണ്ടായത്. സർക്കാർ 100 കോടി രൂപ ബജറ്റിൽ വകയിരുത്തിയതിനാൽ നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാനായെന്നും പത്മകുമാർ പറഞ്ഞു. അപ്പം, അരവണ നിർമാണത്തിന് സമയക്ക് ശർക്കര കിട്ടിയില്ലെങ്കിൽ സർക്കാർ ഏജൻസികളെ ഉപയോഗിച്ച് ബദൽ സംവിധാനമുണ്ടാക്കാനും തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.