india-cricket
india cricket

ഇൻഡോർ : ഹോൾക്കർ സ്റ്റേഡിയത്തിൽ ഇന്നുമുതൽ ബംഗ്ളാദേശിനെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇറങ്ങുമ്പോഴും ഇന്ത്യൻ ടീമിന്റെ മനസ് കൊൽക്കത്തയിലാണ്. അടുത്തവാരം ഈഡൻ ഗാർഡൻസിൽ ചരിത്രത്തിലാദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഡേ ആൻഡ് നൈറ്റ് ടെസ്റ്റിന് ഇറങ്ങുകയാണ്. അതിനു മുമ്പുള്ള അവസാന വട്ട ഒരുക്കമാണ് ഇൻഡോറിൽ.

വെളളക്കുപ്പായമിട്ട് സ്വന്തം മണ്ണിൽ കളിക്കാനിറങ്ങുമ്പോൾ കഴിഞ്ഞ കുറേ നാളുകളായി വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ലക്ഷ്യമിടാറില്ല. ഈ ഹോം സീസണിലെ ആദ്യ പരമ്പരയിൽ മൂന്ന് ടെസ്റ്റുകളിലും ദക്ഷിണാഫ്രിക്കയെ മൂക്കുകൊണ്ട് 'ക്ഷ' വരപ്പിച്ച ശേഷമാണ് കൊഹ്‌ലിയും കൂട്ടരും ബംഗ്ളാദേശിനെ നേരിടാനിറങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഈ പരമ്പരയിലും സമ്പൂർണ വിജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ഇൻഡോറിൽ ആധികാരികമായ ഒരു വിജയം നേടുന്നത് ആദ്യ പകൽ രാത്രി ടെസ്റ്റിന് ഇറങ്ങുന്നതിന് മുമ്പ് ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് ഇന്ത്യൻ ടീമിനറിയാം. അതുകൊണ്ടു തന്നെ ബംഗ്ളാദേശിനെതിരെ സർവ്വ ശക്തിയുമെടുത്ത് പോരാടാൻ കൊഹ്‌ലിക്കൂട്ടം തയ്യാറാകും. ട്വന്റി - 20 പരമ്പരയിൽ നിന്ന് വിട്ടു നിന്നിരുന്ന ക്യാപ്ടൻ കൊഹ്‌ലി ഭാര്യയ്ക്കൊപ്പം ഭൂട്ടാൻ യാത്രയൊക്കെ കഴിഞ്ഞ് ഉന്മേഷവാനായി തിരിച്ചെത്തിയിട്ടുണ്ട്. ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിദ്ധ്യമായ അജിങ്ക്യ രഹാനെ, ചേതേശ്വർ പുജാര എന്നിവരും പിങ്ക് ടെസ്റ്റിനെ ധ്യാനിച്ച് ടീമിലുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മിന്നുന്ന സെഞ്ച്വറികളോടെ രോഹിത് ഓപ്പണർ പൊസിഷനിൽ സ്ഥിരമായിക്കഴിഞ്ഞു. യുവതാരം മായാങ്ക്, രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പർ സാഹ എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഗംഭീര ഫോമിലായിരുന്നു.

ജസ്‌പ്രീത് ബുംറ പരിക്കിൽ നിന്ന് മോചിതനാകാത്തതിനാൽ കഴിഞ്ഞ പരമ്പരയിലേതുപോലെ മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ് സഖ്യമാകും ഇൻഡോറിലെ പേസിനെ തുണച്ചേക്കാവുന്ന പിച്ചിൽ കളിക്കാനിറങ്ങുക. സ്പെഷ്യലിസ്റ്റ് സ്പിന്നർ അശ്വിനൊപ്പം ജഡേജയുമുണ്ടാകും.

ഷാക്കിബ് ഉൽ ഹസന് സ്പോട്ട് ഫിക്സിംഗ് കേസിലെ വിലക്ക് കാരണം നാട്ടിലിരിക്കേണ്ടി വന്നത് ബംഗ്ളാദേശിനെവല്ലാതെ അലട്ടുന്നുണ്ട്. ടെസ്റ്റിൽ പരിചയ സമ്പത്ത് കുറഞ്ഞ നിരയുമായാണ് മോമിനുൽ ഹഖ് ടീമിനെ നയിക്കുന്നത്. മുഷ്ഫിഖുർ, മഹ്‌മുദുള്ള എന്നിവർ മാത്രമാണ് പരിചയ സമ്പന്നർ. ട്വന്റി - 20 പരമ്പരയിൽ തീർത്തും നിറംമങ്ങിയ ഇടംകയ്യൻ പേസർ മുസ്താഫിസുർ റഹ്‌മാന് ബംഗ്ളാദേശ് ടെസ്റ്റ് ഇലവനിൽ അവസരം നൽകിയില്ലെങ്കിലും അത്ഭുതമില്ല. പരിക്കുമൂലം പരിചയ സമ്പന്നനായ തമിം ഇഖ്ബാലും ബംഗ്ളാദേശ് നിരയിലില്ല.

സാദ്ധ്യതാ ഇലവനുകൾ

ഇന്ത്യ : രോഹിത് ശർമ്മ, മായാങ്ക് അഗർവാൾ, ചേതേശ്വർ പുജാര, വിരാട് കൊഹ്‌ലി (ക്യാപ്ടൻ), അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ, ആർ. അശ്വിൻ, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.

ബംഗ്ളാദേശ് : ഷദ്മാൻ ഇസ്ളാം, സെയ്ഫ് ഹസി, ഇംറുൽ ഖൈസ്, മോമിനുൽ ഹഖ് (ക്യാപ്ടൻ), മുഷ്ഫിഖുർ റഹിം, മഹ്‌മുദുള്ള, മുഹമ്മദ് മിഥുൻ, ലിട്ടൺ ദാസ്, മെഹ്ദി ഹസൻ, തൈജുൽ ഇസ്ളാം,അബു ജയേദ്, ഇബാദത്ത്ഹുസൈൻ/മുസ്താഫിസുർ.

ടി.വി. ലൈവ് : രാവിലെ 9.30 മുതൽ സ്റ്റാർ സ്പോർട്സിൽ.

2013 - 2019

ഈ കാലയളവിലെ ഇന്ത്യയുടെ ഹോം ടെസ്റ്റുകളിലെ പ്രകടനം അത്യുജ്വലമാണ്.

32മത്സരങ്ങളാണ് ഇക്കാലയളവിൽ നടന്നത്

26 എണ്ണത്തിലും വിജയിച്ചത് ഇന്ത്യ

5 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു

1 തോറ്റത് ഒരേയൊരു ടെസ്റ്റ്

11 ഹോം ടെസ്റ്റ് സിരീസുകളിൽ തുടർച്ചയായി ജയിച്ച റെക്കാഡും ഇന്ത്യയ്ക്ക്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

240 പോയിന്റുമായി ഇന്ത്യയാണ് ലോക ടെക്സ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്.

5 ടെസ്റ്റുകളാണ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇതുവരെ കളിച്ചത്.

0 ബംഗ്ളാദേശിന്റെ ആദ്യ മത്സരമാണിത്.

60 രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡിനും മൂന്നാം സ്ഥാനക്കാരായ ലങ്കയ്ക്കുമുള്ള പോയിന്റുകൾ.

56 ആഷസ് പരമ്പരയ്ക്കു ശേഷം ആസ്ട്രേലിയയുടെയും ഇംഗ്ളണ്ടിന്റെയും പോയിന്റ് നില.

# ഇൻഡോർ ആതിഥ്യം വഹിക്കുന്ന രണ്ടാമത്തെ ടെസ്റ്റ് മത്സരമാണിത്. 2016 ൽനടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ കിവീസിനെ കീഴടക്കിയത് 321 റൺസിനായിരുന്നു.

# ഓപ്പണർ സെയ്ഫ് ഹസന് ഇന്ന് ബംഗ്ളാദേശ് അരങ്ങേറ്റ അവസരം നൽകിയേക്കും. ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്ത് ഇരട്ട സെഞ്ച്വറിയടക്കം മികച്ച ഫോമിലാണ് സെയ്ഫ്.

# അജിങ്ക്യ രഹാനെയ്ക്ക് ടെസ്റ്റിൽ 4000 റൺസ് തികയ്ക്കാൻ 25 റൺസ് കൂടി മതി.

# മൂന്ന് പുറത്താക്കലുകളിൽ കൂടി പങ്കാളിയായാൽ വിക്കറ്റ് കീപ്പിർ വൃദ്ധിമാൻ സാഹ ഇക്കാര്യത്തിൽ 100 തികയ്ക്കും.

ബംഗ്ളാദേശിനെ നിസാരക്കാരായി കാണുന്നില്ല. അവരോട് ബഹുമാനമുണ്ട്. പക്ഷേ അതിലേറെ ഞങ്ങൾക്ക് അവരെ കീഴടക്കാൻ കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്. ഇൻഡോറിലേതുപോലെയുള്ള പിച്ചുകളിൽ അവർക്ക് കളിച്ചുപരിചയമുണ്ടാകും.

വിരാട് കൊഹ്‌ലി

ഇന്ത്യൻ ക്യാപ്ടൻ

ഷാക്കിബ് ഹസന്റെ അഭാവം ഞങ്ങൾക്ക് പ്ളേയിംഗ് ഇലവനിൽ രണ്ടുപേരുടെ കുറവായി അനുഭവപ്പെടും. ഈ പരമ്പരയിൽ നിന്ന് അധികമൊന്നും പ്രതീക്ഷിക്കാനില്ലെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടു തന്നെ ഞങ്ങൾ വലിയ സമ്മർദ്ദത്തിലുമല്ല. മികച്ച പ്രകടനം കാഴ്ച വയ്ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

മോമിനുൽ ഹഖ്

ബംഗ്ളാദേശ് ക്യാപ്ടൻ

പിച്ച്

സ്വാഭാവികമായും ബാറ്റിംഗിന് അനുകൂലമായ പിച്ചാകും ഇൻഡോസിലേത്. പ്രതലത്തിൽ പുല്ലുള്ളത് മോണിംഗ് സെഷനുകളിൽ പേസർമാർക്ക് ഗുണകരമായേക്കും.