
ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രി എൻഡോക്രൈനോളജി, ഇ.എൻ.ടി, ന്യൂറോ വിഭാഗങ്ങൾക്കായി പുതിയ വാർഡുകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വാർഡ് പ്രവർത്തനം ആരംഭിക്കുന്നത്. 60 കിടക്കകളാണ് ഇവിടെയുള്ളത്. വാർഡ് പണിയുന്നതിനായി മന്ത്രി കെ.കെ. ശൈലജ 1.7 കോടി രൂപ അനുവദിച്ചിരുന്നു. 2012ൽ എൻഡോക്രൈനോളജിക്ക് ഡിപ്പാർട്ട്‌മെന്റ് അനുവദിച്ചെങ്കിലും കിടത്തി ചികിത്സയ്ക്ക് സൗകര്യമുണ്ടായിരുന്നില്ല. രോഗികളുടെ എണ്ണത്തിലുള്ള വർദ്ധന കണക്കിലെടുത്താണ് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് എന്നിവർ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനെത്തി. ഉടനേ വാർഡുകൾ രോഗികൾക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.