kadakampalli

തിരുവനന്തപുരം: മുസ്ലീം ലീഗ് അംഗം കെ.എൻ.എ ഖാദർ രക്തസാക്ഷികളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശവും ഖാദറിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അൽപനെന്ന് വിശേഷിപ്പിച്ചതും ഇന്നലെ നിയയമസഭയെ ബഹളത്തിലാഴ്ത്തി. രക്തസാക്ഷികളെ ഖാദർ അപമാനിച്ചെന്നതാണ് കടകംപള്ളിയെ ചൊടിപ്പിച്ചത്.

വിശ്വാസികളല്ലെങ്കിലും രക്തസാക്ഷി മണ്ഡപങ്ങൾക്ക് മുന്നിൽ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നുവെന്നായിരുന്നു ഖാദറിന്റെ പരാമർശം. അൽപനായ രാഷ്ട്രീയക്കാരന്റെ
ആക്ഷേപങ്ങൾക്ക് പാത്രമാകേണ്ടവരല്ല രക്തസാക്ഷികളെന്നായിരുന്നു കടകം പള്ളിയുടെ മറുപടി. മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയുമെല്ലാം രക്തസാക്ഷികളാണ്. അവരെയെല്ലാം അപമാനിക്കുകയാണ് അംഗം ചെയ്തത്. നിയമസഭയുടെ പ്രത്യേക അവകാശം ഉപയോഗിച്ച് എന്തും പറയാമെന്ന് കരുതരുത്. രക്തസാക്ഷികക്കെുറിച്ചുള്ള എം.എൽ.എയുടെ അഭിപ്രായത്തോട് കോൺഗ്രസ് യോജിക്കുന്നോയെന്നും കടകംപള്ളി ചോദിച്ചു. ഇതോടെയാണ് പ്രതിപക്ഷാംഗങ്ങൾ ബഹളം തുടങ്ങിയത്.

അൽപനെന്ന പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സഭ്യേതരമായ പരാമർശങ്ങൾ രേഖയിൽ ഉണ്ടാവില്ലെന്ന് സ്പീക്കർ പറഞ്ഞതോടെയാണ് ബഹളം അവസാനിച്ചത്.