തിരുവനന്തപുരം: സിനിമ ടിക്കറ്റിന് ജി.എസ്.ടിക്കു പുറമെ അഞ്ചു ശതമാനം വിനോദ നികുതിയും അതിന്റെ ജി.എസ്.ടിയും കൂടി ഈടാക്കാനുള്ള പുതിയ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് ചിത്രീകരണം നടക്കുന്ന സിനിമകളടക്കം നിറുത്തിവച്ച് നിർമ്മാണ, വിതരണ, പ്രദർശന മേഖല ഒന്നാകെ സ്തംഭിപ്പിക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയ ഉത്തരവ് നിലനിൽക്കെയാണ് ദശാബ്ദങ്ങൾ പഴക്കമുള്ള തദ്ദേശ സ്വയംഭരണ ചട്ടം ചൂണ്ടിക്കാട്ടി പുതിയ ഉത്തരവിറക്കിയത്.
ജി.എസ്.ടിയും സർവീസ് ചാർജും സെസുമടക്കം 113 രൂപ ഉണ്ടായിരുന്ന ടിക്കറ്റിന് പുതിയ ഉത്തരവ് വന്നതോടെ 130 രൂപയായി. കോടികൾ മുടക്കി നവീകരിച്ച തിയേറ്ററുകളടക്കം പൂട്ടിപ്പോകുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. മുഖ്യമന്ത്രിക്കടക്കം നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് സിനിമാ മേഖല സ്തംഭിപ്പിച്ച് സമരം നടത്താൻ തീരുമാനിച്ചതെന്നും വിഷയത്തിൽ തീരുമാനമുണ്ടാകാത്ത പക്ഷം അനിശ്ചിതകാല സ്തംഭനം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. ഫിലിം ചേമ്പർ, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, സിനി എക്സിബിറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു.