പോത്തൻകോട്: ഇരുപത്തിനാല് മണിക്കൂർ തുടർച്ചയായി ഓട്ടൻതുള്ളൽ അവതരിപ്പിച്ച് ഗിന്നസ് ബുക്കിൽ ഇടംനേടാനാനൊരുങ്ങുകയാണ് കുറിച്ചിത്താനം ജയകുമാർ. നിലവിൽ ഓട്ടൻതുള്ളലിൽ ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്സിൽ സ്ഥാനം നേടിയ ആളാണ് ജയകുമാർ. ഇന്നലെ രാത്രി 12ന് തോന്നയ്ക്കൽ സായിഗ്രാമിലെ ഗണേശ ആഡിറ്റോറിയത്തിൽ ഓട്ടൻതുള്ളലിന് തുടക്കം കുറിച്ചു.
പരിപാടി വീക്ഷിക്കാൻ ഗിന്നസ് സമിതിയുടെ പ്രത്യക സംഘവും ഇവിടെ എത്തിയിട്ടുണ്ട്. സത്യസായി ബാബയുടെ 94-ാമത് ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് തോന്നയ്ക്കൽ സായിഗ്രാമത്തിൽ നടക്കുന്ന 108 ദിവസത്തെ ആഘോഷപരിപാടികളുടെ ഭാഗമായാണ് ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നത്. ഇന്നലെ വൈകിട്ട് 6ന് സായിഗ്രാമം ഡയറക്ടർ ആനന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നടൻ നെടുമുടി വേണു തുള്ളൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കേരള കലാമണ്ഡലം എക്സിക്യൂട്ടിവ് മെമ്പർ കലാമണ്ഡലം പ്രഭാകരൻ, ഡോ. ബി. അരുന്ധതി, പ്രൊഫ. വിജയകുമാർ, ബി. ജയചന്ദ്രൻ നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.