saina-nehwal
saina nehwal

# സിന്ധു , പ്രണോയ് പ്രീക്വാർട്ടറിൽ

ഹോംഗ്കോംഗ് : സമീപകാലത്ത് ഫോം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന ബാഡ്മിന്റൺ സൂപ്പർ താരം സൈന നെഹ്‌വാൾ ഒരു ടൂർണമെന്റിൽ കൂടി ആദ്യ റൗണ്ട് കടക്കാനാകാതെ പുറത്തായി. ഇന്നലെ ഹോംഗ് കോംഗ് ഓപ്പണിന്റെ ആദ്യ റൗണ്ടിലാണ് സൈന അടിപതറി വീണത്. അതേ സമയം ആദ്യ റൗണ്ടിൽ വിജയം നേടി ലോക ചാമ്പ്യൻ പി.വി. സിന്ധു, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവർ പ്രീക്വാർട്ടറിലെത്തി.

കഴിഞ്ഞ ആറ് ടൂർണമെന്റുകളിൽ സൈനയുടെ അഞ്ചാമത്തെ ആദ്യ റൗണ്ട് തോൽവിയാണ് ഹോംഗ് കോംഗ് സാക്ഷ്യം വഹിച്ചത്. ചൈനയുടെ കായ് യാൻ യാനാണ് 21-13, 22-20 എന്ന സ്കോറിന് സൈനയെ കീഴടക്കിയത്. പി.വി. സിന്ധു ആദ്യ റൗണ്ടിൽ കൊറിയയുടെ കിം ഗാളയുനെ 21 - 15, 21-16 ന് തോൽപ്പിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്. പ്രീക്വാർട്ടറിൽ തായ്‌ലൻഡിന്റെ ബുസാനൻ ഒൻഗ് ബാം രുംഗ്ഫാനാണ് സിന്ധുവിന്റെ എതിരാളി.

പുരുഷ സിംഗിൾസിന്റെ ആദ്യ റൗണ്ടിൽ പ്രണോയ് ചൈനയുടെ ഹുവാംഗ്, യു സിയാംഗിനെ 21-17, 21-17 നാണ് കീഴടക്കിയത്. അതേ സമയം മറ്റൊരു ഇന്ത്യൻ താരം സായ് പ്രണീത് ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി.

ഷൂട്ടിംഗ് ഒഴിവാക്കൽ ചർച്ച ഇന്ന്

ന്യൂഡൽഹി : കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ പ്രതിനിധികളും ഇന്ത്യ ഒളിമ്പിക് അസോസിയേഷനും തമ്മിലുള്ള ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. 2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഷൂട്ടിംഗ് ഒഴിവാക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച. ഷൂട്ടിംഗ് ഒഴിവാക്കിയാൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസ് ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കും.

സിൽവയ്ക്ക് വിലക്ക്

ലണ്ടൻ : മാഞ്ചസ്റ്റർ സിറ്റിയിലെ സഹതാരം ബെഞ്ചമിൻ മെൻഡിയെ ട്വിറ്റർ പോസ്റ്റിലൂടെ കളിയാക്കിയതിന് പോർച്ചുഗീസുകാരനായ മിഡ്ഫീൽഡർ ബെർനാഡോ സിൽവയെ ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷൻ ഒരു മത്സരത്തിൽ നിന്ന് വിലക്കി.

ക്യാപ്ഷൻ

തിരുവനന്തപുരം ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്. ബാലഗോപാലും കൺവീനർ ആർ. അയ്യപ്പനും.

പന്തുരച്ചനിക്കോളാസിന് വിലക്ക്

ദുബായ് : അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ പന്തിൽ കൃത്രിമം കാട്ടിയ വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ നിക്കോളാസ് പുരാന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ നാല് മത്സരങ്ങളിൽ വിലക്ക് വിധിച്ചു. അടുത്ത നാല് ട്വന്റി - 20 മത്സരങ്ങളിലാണ് നിക്കോളാസിന് പുറത്തിരിക്കേണ്ടി വരിക.