കോവളം : അടിമലത്തുറയിൽ മത്സ്യത്തൊഴിലാളികളുടെ പേരിൽ അനധികൃത ഭവന നിർമ്മാണം നടന്ന സ്ഥലത്ത് റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തി. മത്സ്യത്തൊഴിലാളികൾക്ക് ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് റവന്യൂ വകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ ഭൂമിയിൽ അനധികൃത ഭവന നിർമ്മാണം നടന്നതായി സംഘം കണ്ടെത്തി. ഫിഷറീസ് വകുപ്പ് ഫ്‌ളാറ്റ് നിർമ്മാണ നടപടികൾ ആരംഭിച്ചപ്പോൾ ആ സ്ഥലം ഭവന നിർമ്മാണത്തിന് യോജിച്ചതല്ലെന്നും കടലിനോട് ചേർന്ന് കിടക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ചിലർ തടസം പറഞ്ഞിരുന്നു. തുടർന്ന് ഫിഷറീസ് വകുപ്പ് പദ്ധതിയിൽ നിന്ന് പിൻവാങ്ങി. എന്നാൽ ചില മതസംഘടനകൾ സർക്കാർ സ്ഥലം ഓരോരുത്തരിൽ നിന്നും ഒരു ലക്ഷം രൂപ വീതം പിരിച്ചെടുത്ത് മൂന്ന് സെന്റ് ഭൂമി വീതം അനധികൃതമായി വീതിച്ച് നൽകിയതായാണ് സംഘത്തിന് ലഭിച്ച വിവരം. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലം പണം വാങ്ങി വീതിച്ച് നൽകുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും ഇവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. നെയ്യാറ്റിൻകര തഹസിൽദാർ മോഹനൻനായർ, കോട്ടുകാൽ വില്ലേജ് ഓഫീസർ അനിത, പഞ്ചായത്ത് സെക്രട്ടറി അജു, വിഴിഞ്ഞം സി.ഐ പ്രവീൺ, പഞ്ചായത്ത് പ്രസിഡന്റ് സജി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.