തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ റോഡുകളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വി.എസ്. ശിവകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ പഴവങ്ങാടിയിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് നവീകരണ ഫണ്ട് മാത്രമല്ല കേരള പുനർനിർമ്മാണ ഫണ്ട് വരെ സർക്കാർ വകമാറ്റുന്നു. ശോച്യാവസ്ഥ ഗുരുതരമായിട്ടും നവീകരണ പദ്ധതിക്കായി ഫണ്ട് അനുവദിക്കാത്ത ധനമന്ത്രി അഭിനവ ബകനായി മാറിയെന്നു ചെന്നിത്തല പരിഹസിച്ചു. റോഡുകൾ മാത്രമല്ല ജനജീവിതം തന്നെ താറുമാറായി കിടക്കുന്നു. കേരളത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന ഒരു സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്, പി.കെ. വേണുഗോപാൽ, വിജയൻ തോമസ്, ജെ.എസ്. ബാബു, ലഡ്ഗാർ ബാവ, എം.ആർ. മനോജ്, പോൾ, ടി.ഡി. മാസ്റ്റർ, പാലോട് സദാനന്ദൻ, സി. ബഷീർ, സി. പരമേശ്വരൻ, പത്മകുമാർ, ലോപ്പസ് തുടങ്ങിയവർ സംസാരിച്ചു.