തിരുവനന്തപുരം: വ്യാപാരികൾക്ക് വാറ്റ് നികുതി കുടിശ്ശികയുടെ നോട്ടീസ് പരിശോധനകളേതുമില്ലാതെ കൂട്ടത്തോടെ അയച്ച സംഭവത്തിൽ ടിങ്കുബിസ്വാളിനെ ജി.എസ്.ടി കമ്മിഷണർ സ്ഥാനത്ത് നിന്ന് നീക്കി. പാർലമെന്ററികാര്യ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ് പുതിയ ജി.എസ്.ടി കമ്മിഷണറാകും. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയും അദ്ദേഹം വഹിക്കും.
വാറ്റ്നികുതി കുടിശ്ശികയിന്മേൽ വ്യാപാരികൾക്ക് നോട്ടീസ് അയച്ചതിനെതിരെ വലിയ ആരോപണമാണുയർന്നത്. ഇതേത്തുടർന്ന് ടിങ്കുബിസ്വാളിനോട് മന്ത്രി അവധിയിൽ പോകാനും നിർദ്ദേശിച്ചിരുന്നു. തെറ്റായ നോട്ടീസ് പോയതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള മറുപടിയിൽ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറയുകയുണ്ടായി. 52,000 വ്യാപാരികൾക്കാണ് നോട്ടീസ് പോയത്. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുണ്ടായ വേളയിലായിരുന്നു സംഭവം. വ്യാപാരി-വ്യവസായി സംഘടനകൾ സമരത്തിനുമിറങ്ങി.
മലബാർ സിമന്റ്സിന്റെ മാനേജിംഗ് ഡയറക്ടറായി മുഹമ്മദലിയെ (ആനന്ദ് നഗർ, തൃശിനാപ്പള്ളി) നിയമിച്ചു.
കൊച്ചി മെട്രോയിലെ 12 തസ്തികകൾക്ക് 2019 ഏപ്രിൽ ഒന്ന് മുതൽ തുടർച്ചാനുമതി നൽകും. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡ് വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്) കെ.സി. ജയകുമാറിനെ ഡെപ്യുട്ടേഷനിൽ ഒരു വർഷത്തേക്ക് നിയമിക്കാനും തീരുമാനിച്ചു.