ദമ്പതിമാരുടെ സംസ്‌കാരം ഇന്ന്
ചെങ്ങന്നൂർ: തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധ ദമ്പതികളെ മൺവെട്ടിക്കും കമ്പിപ്പാരയ്ക്കും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബംഗ്‌ളാദേശ് സ്വദേശികളായ പ്രതികളെ ഇന്ന് വൈകിട്ടോടെ വിമാനമാർഗം നെടുമ്പാശേരിയിലെത്തിച്ച് ചെങ്ങന്നൂരിലേക്ക് കൊണ്ടുവരും. മാന്നാർ സി.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പ്രതികളുമായി നാട്ടിലേക്ക് തിരിച്ചിരിക്കുന്നത്.
കൊടുകുളഞ്ഞി കരോട് പാറച്ചന്ത ജംഗ്ഷന് സമീപം ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ (കുഞ്ഞുമോൻ- 75), ഭാര്യ ലില്ലി (68) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ലബ്ലു, ജുവൽ എന്നിവരെയാണ് റെയിൽവേ പൊലീസിന്റെ സഹായത്തോടെ വിശാഖപട്ടണത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതക ശേഷം ചെങ്ങന്നൂരിൽ നിന്ന് ചെന്നൈയിലെത്തി, അവിടെ നിന്ന് ചെന്നൈ-കോറമണ്ഡൽ എക്‌സ്‌പ്രസിൽ ബംഗാളിൽ എത്തിയ ശേഷം ബംഗ്‌ളാദേശിലേക്ക് കടക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രതികളോടൊപ്പം കോടുവളഞ്ഞി കരോട്ടെ വാടകവീട്ടിൽ താമസിച്ചിരുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഇവർ കൂടെ യാത്രചെയ്തിരുന്നവരുടെ ഫോണിൽ നിന്ന് വെൺമണിയിലുള്ള സുഹൃത്തുക്കളെ ഇടയ്ക്കിടെ വിളിച്ചിരുന്നു. ഈ ഫോൺവിളികൾ പിന്തുടർന്നാണ് ട്രെയിനിൽ സഞ്ചരിക്കുകയാണെന്ന് കണ്ടെത്തിയത്.
പ്രതികൾ ട്രെയിനിലാണ് രക്ഷപ്പെടുന്നതെന്ന് മനസിലാക്കിയ പൊലീസ് മാന്നാർ സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കൊച്ചിയിൽ നിന്ന് വിമാനമാർഗം കൊൽക്കത്തയിലെത്തി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് വിജയവാഡയിൽ വച്ച് പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് ട്രെയിനിൽ വച്ച് തന്നെ പ്രതികളെ പിടികൂടി വിശാഖപട്ടണത്ത് ഇറക്കി. ഇവരെ മാരിപാലം ആർ.പി.എഫ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചു. ഇതറിഞ്ഞ് കൊൽക്കത്തയിൽ നിന്ന് വിശാഖപട്ടണത്ത് എത്തിയ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി.
കൊലനടത്തിയ വീട്ടിൽ നിന്ന് മോഷ്ടിച്ച 50 പവനോളം സ്വർണവും പണവും ഇവരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വിശാഖ പട്ടണത്തുനിന്ന് പ്രതികളെ ഇന്ന് രാവിലെ ആലപ്പുഴ ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്തിക്കും. കൊച്ചി റേഞ്ച് ഐ.ജി എസ്.കാളിരാജ് മഹേഷ്‌കുമാർ, ജില്ലാ പൊലീസ് ചീഫ് കെ.എം.ടോമി എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. ഉച്ചയോടെ വെണ്മണിയിൽ കൊണ്ടുവന്ന് തെളിവെടുത്ത ശേഷം പ്രതികളെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
എ.പി.ചെറിയാന്റെയും ലില്ലിയുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചെങ്ങന്നൂർ നഗരത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 8.30 ഓടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. പൊതുദർശനത്തിനും ശുശ്രൂഷയ്ക്കും ശേഷം 11.30ന് കോടുകുളഞ്ഞി സി.എസ്.ഐ ക്രൈസ്റ്റ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.
ജലമാർഗം ബംഗ്‌ളാദേശിലേക്ക് കടക്കാൻ പദ്ധതിയിട്ടു
ടി.എസ്.സനൽ കുമാർ
ചെങ്ങന്നൂർ: വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാന്റെയും (കുഞ്ഞമോൻ -75) ഭാര്യ ലില്ലി ചെറിയാന്റെയും (68) അരും കൊലക്കുശേഷം സ്വർണവും പണവുമായി രക്ഷപ്പെട്ട ബംഗ്ലാദേശികളായ പ്രതികളെ കുടുക്കിയത് സി.സി ടി.വി കാമറാ ദൃശ്യങ്ങളും സഹ യാത്രക്കാരുടെ ഫോണിൽ നിന്ന് സുഹൃത്തുക്കളുടെ മൊബൈലിലേക്ക് വിളിച്ച ഫോൺകോളുകളും. പ്രതികൾക്ക് മൊബൈലും സിം കാർഡും ഇല്ലായിരുന്നു. ഇവരുടെ ഒപ്പം ജോലി ചെയ്ത ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം ലഭിക്കുന്നത്. കൊലപാതകം പുറത്തറിഞ്ഞയുടൻ നടത്തിയ ചോദ്യം ചെയ്യലാണ് പ്രതികളിലേക്ക് എത്താൻ പൊലീസിന് നിർണായകമായത്.
ഇതേ തുടർന്ന് പ്രതികൾ ട്രെയിൻ മാർഗം രക്ഷപ്പെടാനുള്ള സാദ്ധ്യത പൊലീസ് പരിശോധിച്ചു. കൊലപാതക ശേഷം കോടുകുളഞ്ഞിയിലെ വാടക വീട്ടിലെത്തിയ പ്രതികൾ ഇവിടെ നിന്ന് ആട്ടോറിക്ഷയിലാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്ന് കണ്ടെത്തി. വൈകിട്ട് 5.26നുള്ള തിരുവനന്തപുരം ചെന്നൈ മെയിലിൽ കയറി 12ന് രാവിലെ 7.56 ന് ചെന്നൈയിൽ എത്തി. ചെന്നൈ റെയിൽവേ സ്‌റ്റേഷനിലെ കാമറാ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾ അവിടെ എത്തിയതായി സ്ഥിരീകരിച്ചു. കൊൽക്കത്തയിലേക്കുള്ള (ഹൗറ) കൊറമണ്ഡൽ എക്‌സ് പ്രസിൽ രാവിലെ 8.46 ന് ചെന്നൈയിൽ നിന്ന് കയറിയതും കണ്ടെത്തി. തുടർന്ന് പ്രതികൾ കൊൽക്കത്തയിൽ എത്തുന്നതിന് മുൻപ് എത്താൻ മാന്നാർ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിമാന മാർഗം കൊൽക്കത്തക്ക് പുറപ്പെട്ടു. ചെന്നൈ കോറമണ്ട
ൽ എക്‌സ്‌പ്രസിൽ പ്രതികൾ ഉണ്ടെന്ന് മനസിലാക്കിയതോടെ ആർ.പി.എഫ് ട്രെയിനിൽ മഫ്ടിയിൽ തെരച്ചിൽ ഊർജ്ജിതമാക്കി. പൊലീസ് പ്രസിദ്ധീകരിച്ച ലുക്ക് ഔട്ട് നോട്ടീസിലെ ചിത്രങ്ങൾ ആർ.പി.എഫിന് ഇവരെ തിരിച്ചറിയാൻ സഹായകരമായി.
യാത്രക്കിടെ പ്രതികളെ വിജയവാഡയിൽ വച്ച് കണ്ടെത്തി. കൊൽക്കത്തയിൽ വച്ച് ഇവരെ പിടികൂടാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും വൈകിച്ചാൽ വഴുതിപോകുമോയെന്ന ആശങ്കയിൽ ആർ.പി.എഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ബംഗാളിൽ എത്തിയ ശേഷം ഇവിടെ നിന്നും ജലമാർഗം ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാനുള്ള പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറഞ്ഞു.
അവസാനം സംസാരിച്ചത്
വിദേശത്തുള്ള മകളുമായി
കൊല്ലപ്പെട്ട എ.പി.ചെറിയാൻ - ലില്ലി ദമ്പതികൾ അവസാനമായി സംസാരിച്ചത് മകളായ ബിന്ദു ചെറിയാനുമായി. വീട്ടിൽ ഞായറാഴ്ചയും പണിക്കാരുണ്ടെന്നും പറമ്പിലെ കാടും പടലുകളും വൃത്തിയാക്കുകയാ