കുണ്ടറ: ഒൻപത് മാസം മുമ്പ് വിവാഹം കഴിച്ച ഭാര്യയെ കിടപ്പുമുറിയിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് കുടുംബപ്രശ്നങ്ങളെ തുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരിലെന്ന് പ്രതി പൊലീസിന് മൊഴി നൽകി. തിങ്കളാഴ്ച വൈകിട്ട് 7 ഓടെ മുളവന ചരുവിള പുത്തൻ വീട്ടിൽ കൃതിയുടെ (25) വീട്ടിലെത്തിയ കൊല്ലം കോളേജ് ജംഗ്ഷൻ ദേവിപ്രിയയിൽ വൈശാഖ് ബൈജു (28) കിടപ്പുമുറിയിൽ ഭാര്യയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നതോടെ കട്ടിലിൽ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയിൽ അമർത്തിപ്പിടിച്ചു. പിന്നീട് പിടിവിട്ടപ്പോൾ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താനായി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാണെന്നുമാണ് വൈശാഖ് പറയുന്നത്.
മാനസികമായി തകർന്ന താൻ എങ്ങനെ രക്ഷപ്പെടാമെന്ന് മാത്രമാണ് ആലോചിച്ചത്. 10.45 ഓടെ ഊണ് കഴിക്കാൻ കൃതിയുടെ അമ്മ കതകിൽ തട്ടി വിളിച്ചു. ഈ സമയം കൃതി അനക്കമില്ലാതെ കിടക്കുകയായിരുന്നു. ബോധക്ഷയം ഉണ്ടായതാണെന്നും വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകാമെന്നും പറഞ്ഞ് വൈശാഖ് പുറത്തേക്കിറങ്ങി കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കൊല്ലത്തെ വീട്ടിൽ വിളിച്ച് വിവരം പറഞ്ഞെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. പിന്നീട് സുഹൃത്തു വഴി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
വൈശാഖിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കൃതിയുടെ ഡയറിക്കുറിപ്പിൽ ഇവരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ലെന്നും സാമ്പത്തിക താത്പര്യം മാത്രമാണ് വൈശാഖിന്റെ ലക്ഷ്യമെന്നും എഴുതിയിരുന്നതായി പറയുന്നു.
നാലു വർഷം മുൻപ് കൃതി തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ച് കുഞ്ഞിന് നാലു മാസം പ്രായമുള്ളപ്പോൾ ബന്ധം വേർപെടുത്തിയിരുന്നു. ഇതിന് ശേഷമാണ് വൈശാഖുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. കൂടുതൽ അടുപ്പത്തിലായതോടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിന് പോലും വൈശാഖ് മുളവനയിലെ വീട്ടിലെത്തിയിരുന്നു.
പിന്നീട് 2018ൽ രജിസ്റ്റർ വിവാഹം നടത്തി. എന്നാൽ കൃതിയെ രണ്ടാം വിവാഹം ചെയ്യുന്നതിന് വൈശാഖിന്റെ വീട്ടുകാർ എതിർപ്പ് പറഞ്ഞെങ്കിലും കല്യാണമായി നടത്താമെന്ന് പറഞ്ഞ് അവരെ സമ്മതിപ്പിക്കുകയായിരുന്നു. അങ്ങിനെയാണ് മാസങ്ങൾക്ക് മുൻപ് കൊല്ലത്തെ പ്രധാന ഓഡിറ്റോറിയത്തിൽ വച്ച് വിവാഹം നടത്തിയത്. വിവാഹ ശേഷം ഗൾഫിൽ പോയ വൈശാഖ് ഒരു മാസത്തിനുള്ളിൽ തിരിച്ചെത്തി. നാട്ടിലെത്തിയ വൈശാഖ് എഡ്യൂക്കേഷനൽ കൺസൾട്ടന്റായി പ്രവർത്തിക്കുകയായിരുന്നു. ബിസിനസ് ആവശ്യമെന്ന് പറഞ്ഞ് കൃതിയുടെ അക്കൗണ്ടിൽ നിന്നും അമ്മയുടെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ പിൻവലിച്ചിരുന്നു. കൂടാതെ വസ്തു പണയപ്പെടുത്തിയും ലക്ഷങ്ങൾ കൈപ്പറ്റിയതായി കൃതിയുടെ വീട്ടുകാർ പറയുന്നു.