ottoor-plastic-sambharana

കല്ലമ്പലം: സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഒറ്റൂർ ഗ്രാമ പഞ്ചായത്തിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കാൻ കാഞ്ഞിരംവിളയിൽ കെട്ടിടം നിർമ്മിച്ച് മാലിന്യങ്ങൾ ശേഖരിച്ചുതുടങ്ങിയെങ്കിലും ഇത് ഏറ്റെടുക്കാൻ ആളില്ലാതെ വന്നതോടെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. സംഭരിക്കുന്ന മാലിന്യങ്ങൾ സർക്കാരിന്റെ ഹരിത കേരള മിഷൻ പദ്ധതിയിലൂടെ ഏറ്റെടുത്ത് സംസ്കരിക്കുമെന്നറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. രണ്ടുവർഷത്തോളമായി പ്ലാസ്റ്റിക് സംഭരണ യൂണിറ്റ് തുടങ്ങിയിട്ട്. അന്നുമുതൽ ശേഖരിച്ച പ്ലാസ്റ്റിക്കുകൾ സംഭരണ കേന്ദ്രത്തിൽ കെട്ടികിടക്കുകയാണ്.

വർക്കല, ആറ്റിങ്ങൽ മുൻസിപ്പലിറ്റികളിൽ പ്ലാസ്റ്റിക് സംസ്കരിക്കാനുള്ള സംവിധാനം ഉണ്ടെങ്കിലും ഏറ്റെടുക്കാൻ വിമുഖത കാണിച്ചെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു. ഒറ്റൂർ പഞ്ചായത്ത് സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങോട്ടുകൊണ്ടു പോകുമെന്നറിയാതെ അനിശ്ചിതത്വം തുടരുകയാണ്. ഇനി രണ്ട് മാസം കൂടി ശേഖരിക്കുന്ന മാലിന്യം ഉൾക്കൊള്ളാനുള്ള സ്ഥല സൗകര്യം മാത്രമേ കെട്ടിടത്തിൽ ഉള്ളൂ. കെട്ടിടത്തിൽ ഷട്ടർ ഇടാനും, കക്കൂസും, ഓഫീസ് മുറിയും പണിയുന്നതിനായും അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചു.