കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിൽ ഗോട്ട് സാറ്റലൈറ്റ് പദ്ധതിക്ക് തുടക്കമായി.അഞ്ച് പെണ്ണാടുകളും ഒരു ആണാടും ചേർന്നതാണ് ഒരു യൂണിറ്റ്. ഗുണഭോക്താക്കൾക്ക് പഞ്ചായത്ത് അഞ്ച് പെണ്ണാടുകളെ നൽകും. ഒരു ആണാടിനെയും, കൂടും ഗുണഭോക്താവ് കണ്ടെത്തണം. സബ്സിഡിയായി 25,000 രൂപയും ഗുണഭോക്താവിന് ലഭിക്കും. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് അടുക്കൂർ ഉണ്ണി നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ എൻ. അബുത്താലിബ്, എസ്. പുഷ്പലതം, പഞ്ചായത്തംഗങ്ങളായ പള്ളിക്കൽ നസീർ, രേണുകാകുമാരി തുടങ്ങിയവർ സംസാരിച്ചു.