കാട്ടാക്കട:ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഗ്രാമീണ മേഖലകളിൽ ആശുപത്രികൾ സ്കൂളുകൾ,വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രമേഹ നടത്തം,മെഡിക്കൽക്യാമ്പ്,ബോധവത്കരണ ക്ലാസുകൾ,റാലികൾ എന്നിവ നടന്നു.ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ,ഐ.എം.എ നെടുമങ്ങാട് ബ്രാഞ്ച് എന്നിവയുടെ ആഭിമുഖ്യത്തിൽ ആര്യനാട് ആശുപത്രിയിൽ സംഘടിപ്പിച്ച പ്രമേഹ ദിനാചരണം ആര്യനാട് ഗ്രാമ പഞ്ചായത്തംഗം അജിത ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.എ.എസ്.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഡോ.ഹേമാ ഫ്രാൻസിസ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.ഹെൽത്ത് ഇൻസ്പെക്ടർ വിജയൻ,ആരോഗ്യ പ്രവർത്തകർ ആശാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ.വി ആൻഡ് എച്ച്.എസ്.എസിൽ വി.എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്കിം വെള്ളനാട് പഞ്ചായത്തിലെ പഴയ വിട്ടുമൂഴി അങ്കണവാടി പരിസരത്ത് സൗജന്യമായി ഷുഗർ പരിശോധനയും ജിവിത ശൈലി രോഗങ്ങളെ കുറിച്ച് ക്ലാസും സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് വി.എസ്. ശോഭൻകുമാർ വാർഡ് മെമ്പർ ശാലിനി, അദ്ധ്യാപകരായ രഞ്ചു,ഷിജ,മാത്തൻ ജോർജ്,സുനിൽ .ജി, അങ്കണവാടി അദ്ധ്യാപിക ബീന എന്നിവർ പങ്കെടുത്തു.
പൂവച്ചൽ ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നിന്നാരംഭിച്ച ആഗോള പ്രമേഹ നടത്തം ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം.എൻ.മീന ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ വി.പ്രദീപ്കുമാർ,ഹെഡ്മിസ്ട്രസ് കെ. ഗീത.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സനൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് സെയ്യദ് കുഞ്ഞ്,സി.വി.അനിൽകുമാർ, ശ്രീകാന്ത്,സുചിത്ര ,അരൂജ, സരശ്രീ. ദീപിക. വോളന്റിയർ സെക്രട്ടറി വിഷ്ണു എന്നിവർ സംസാരിച്ചു.