ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്‌ത്രീകൾക്കും ദർശനം ഉറപ്പാക്കി 2018 സെപ്തംബർ 28-നു സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഐതിഹാസിക വിധി കൂടുതൽ പരിഗണനയ്ക്കുവേണ്ടി ഏഴംഗ വിശാല ബെഞ്ചിനു വിട്ടിരിക്കുകയാണ്. കേരളം ഒന്നടങ്കം ഉറ്റുനോക്കിക്കൊണ്ടിരുന്ന കേസിൽ യുവതീ പ്രവേശനം അനുവദിച്ച ബെഞ്ച് രണ്ടിനെതിരെ മൂന്ന് ജഡ്ജിമാരുടെ ഭൂരിപക്ഷ തീരുമാന പ്രകാരമാണ് പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിട്ടിരിക്കുന്നത്.
യുവതീ പ്രവേശനം അനുവദിച്ച അഞ്ചംഗ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ശബരിമലയിൽ ഈ വർഷത്തെ തീർത്ഥാടനകാലം തുടങ്ങാൻ രണ്ടുദിവസം മാത്രം ശേഷിക്കെ 2018 സെപ്തംബറിലെ വിധിക്കു സ്റ്റേ അനുവദിക്കാതെ തന്നെ ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടതിൽ അസ്വാഭാവികത കാണുന്നവർ ധാരാളമുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ വർഷമുണ്ടായ കോടതി വിധി ശബരിമലയിലും സംസ്ഥാനത്തൊട്ടാകെയും സൃഷ്ടിച്ച കോളിളക്കങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഓർക്കുമ്പോൾ. വിവാദ വിഷയത്തിൽ വിശാല ബെഞ്ച് പുതുതായി വാദം കേട്ട് അന്തിമ വിധി പുറപ്പെടുവിക്കാൻ പ്രത്യേകിച്ച് കാലപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ നിലവിലെ വിധിക്ക് സ്റ്റേ അനുവദിക്കുകയാണു വേണ്ടിയിരുന്നതെന്ന അഭിപ്രായവും ആഗ്രഹവുമുള്ളവരാണ് അധികവും. മണ്ഡല - മകരവിളക്ക് തീർത്ഥാടനകാലം ഒരിക്കൽക്കൂടി പ്രക്ഷുബ്ധമാകാനിടയാക്കാതെ തർക്ക കക്ഷികൾ ആത്മനിയന്ത്രണവും അങ്ങേയറ്റം സംയമനവും പാലിക്കേണ്ടതിന്റെ അനിവാര്യതയാണ് ഇപ്പോഴത്തെ കോടതി വിധിയെത്തുടർന്നുളവായിരിക്കുന്നത്.
മുൻപ് വിട്ടുപോയ വാദമുഖങ്ങൾ അവതരിപ്പിക്കാനും തങ്ങളുടെ ഭാഗം കൂടുതൽ വ്യക്തമായും സ്പഷ്ടമായും അവതരിപ്പിക്കാനും ഹർജിക്കാർക്ക് വീണ്ടും അവസരം ലഭിക്കാൻ പോവുകയാണ്. അവസരം ഓരോ കക്ഷിയും എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാകും കേസിൽ അന്തിമവിധി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2006-ൽ തുടങ്ങിയ കേസ് ഇനിയും നീണ്ടുപോകുമ്പോൾ അഞ്ചംഗ ബെഞ്ചിന്റെ വിധിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അന്തിമ വിധി വരേണ്ടത് ഇനി ഏഴംഗ ബെഞ്ചിൽ നിന്നാണല്ലോ. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ പിൻഗാമിയായി സ്ഥാനമേൽക്കുന്ന എസ്.എ. ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിലുള്ളതായിരിക്കും ഏഴംഗ ഭരണഘടനാ ബെഞ്ച്. പ്രായത്തിന്റെ പേരിൽ സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമെന്ന നിലയ്ക്കാണ് അഞ്ചംഗ ബെഞ്ച് സ്‌ത്രീകളെ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി റദ്ദാക്കിയത്. ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് വിയോജന വിധി എഴുതിയത്.
പുനഃപരിശോധനാ ഹർജികൾ ഭൂരിപക്ഷ പ്രകാരമാണ് വിശാല ബെഞ്ചിനു വിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഗൊഗോയ് ഉൾപ്പെടെ മൂന്ന് ജഡ്ജിമാർ അനുകൂലിച്ചപ്പോൾ രണ്ട് ജഡ്ജിമാരുടെ അഭിപ്രായം മറിച്ചായിരുന്നു. ഹർജികൾ അപ്പാടെ തള്ളണമെന്നാണ് ജസ്റ്റിസുമാരായ ചന്ദ്രചൂഡും നരിമാനും നിലപാടെടുത്തത്. 55 പ്രധാന ഹർജികളടക്കം മൊത്തം 65 ഹർജികളാണ് അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരെ എത്തിയത്. വിശ്വാസവും ഭരണഘടനയും മാറ്റുരച്ച ശബരിമല കേസിൽ കാലമേറെയായിട്ടും ഖണ്ഡിതമായ ഒരു തീർപ്പ് ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് വല്ലാത്ത ദുര്യോഗം തന്നെയാണ്. വിവാദ വിധി കേരളീയ സമൂഹത്തിൽ സൃഷ്ടിച്ച ഭിന്നതകൾ മറക്കാൻ സമയമായിട്ടില്ല. എന്തായാലും പ്രശ്നം വിശാല ബെഞ്ചിനു വിട്ട സ്ഥിതിക്ക് വികാര വിക്ഷോഭങ്ങൾ കാട്ടാതെ കോടതിയുടെ അന്തിമ തീരുമാനത്തിനായി സമാധാനപൂർവം കാത്തിരിക്കാനുള്ള വിവേകം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണം. പൊതുസമൂഹം പ്രതീക്ഷിക്കുന്നതും അതാണ്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സ്ഥാനമൊഴിയുന്നതിന് മുൻപ് മറ്റ് ഏതാനും സുപ്രധാന കേസുകളിൽ കൂടി വിധി പ്രഖ്യാപനമുണ്ടായി.
ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന ഐതിഹാസിക വിധിയാണ് ഇവയിൽ മുഖ്യം. ചീഫ് ജസ്റ്റിസിന്റെ ഓഫീസിലെ നടപടികൾ രഹസ്യസ്വഭാവത്തിലുള്ളതായി കരുതാനാവില്ല. സുതാര്യമായിരിക്കണം അവിടെ നടക്കുന്ന ഏർപ്പാടുകൾ. ജുഡിഷ്യറിയിലുള്ള കടന്നുകയറ്റമായോ ജഡ്ജിമാരുടെ സ്വാതന്ത്ര്യത്തിലുള്ള തലയിടലായോ അത് കണക്കാക്കേണ്ടതില്ലെന്നാണ് ജസ്റ്റിസ് ഗൊഗോയുടെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധി. ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശത്തിന്റെ പരിധിയിൽ വരുമെന്ന് 2010-ൽ കൽക്കട്ട ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതിയും ശരിവച്ചതോടെ വിവരാവകാശ നിയമത്തിന് കൂടുതൽ പ്രസക്തി കൈവന്നിരിക്കുകയാണ്. പൊതുതാത്പര്യം മുൻനിറുത്തിയുള്ള ഏതു വിവരാവകാശ അപേക്ഷയും പരിഗണിച്ച് വിവരങ്ങൾ നൽകുന്നതുകൊണ്ട് ജുഡിഷ്യറിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നാണ് പരമോന്നത കോടതിയുടെ നിരീക്ഷണം.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്തെ ഇളക്കി മറിച്ച റാഫേൽ കോഴ വിവാദത്തിനും സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ച വിധിയോടെ ശമനമായിരിക്കുകയാണ്. റാഫേൽ ഇടപാടിൽ അഴിമതി ആരോപിച്ച് സമർപ്പിക്കപ്പെട്ടിരുന്ന ഹർജികൾ കഴിഞ്ഞ ഡിസംബറിൽ പരമോന്നത കോടതി തള്ളിയതാണ്. അതിനെതിരെ ഏതാനും അഭിഭാഷകരും മുൻ ബി.ജെ.പിക്കാരനായ യശ്വന്ത് സിൻഹയും സമർപ്പിച്ച പുനഃപരിശോധനാ ഹർജികളാണ് കോടതി തള്ളിയത്. ഡിസംബറിലെ വിധി പുനഃപരിശോധിക്കേണ്ട യാതൊരാവശ്യവുമില്ലെന്നും ഹർജികളിൽ കഴമ്പൊന്നുമില്ലെന്നും അഭിപ്രായപ്പെട്ടുകൊണ്ട് മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി മോദി സർക്കാരിന് വലിയ ആശ്വാസമരുളുന്നതാണ്. ഫ്രാൻസിൽ നിന്ന് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ നാല്പതിനായിരം കോടി രൂപയുടെ അഴിമതി നടന്നെന്നും അംബാനിക്കാണ് ഈ ഇടപാടിലൂടെ വൻ നേട്ടമുണ്ടായതെന്നുമായിരുന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രസിഡന്റായിരുന്ന രാഹുൽഗാന്ധിയുടെ പ്രധാന പ്രചാരണ വിഷയം റാഫേൽ ഇടപാടിലെ അഴിമതിയായിരുന്നു.