വെഞ്ഞാറമൂട്: അനുദിനം നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് ചെറിയൊരു കൈത്താങ്ങുമായി ഒരു നാടുമുഴുവൻ ഒരുമിക്കുകയാണ് . ഇതിനായി 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും യാത്രക്കാരെല്ലാം ഇനി കെ.എസ്.ആർ.ടി.സിയിലേ യാത്ര ചെയ്യൂ എന്നും തീരുമാനിച്ചു. വെഞ്ഞാറമൂട് നിവാസികളാണ് ഇത്തരമൊരു വിപ്ലവകരമായ തീരുമാനവുമായി മുന്നിട്ടിറങ്ങിയത്. 35 വർഷം മുൻപാണ് വെഞ്ഞാറമൂട് - വെള്ളു മണ്ണടി - മേലാറ്റു മുഴി - കാരേറ്റ് ദേശസാത്കൃത റൂട്ട് ആരംഭിച്ചത്. ദിവസേന എട്ട് ബസുകൾ മുപ്പത്തിരണ്ടോളം സർവീസുകൾ നടത്തിയിരുന്ന ഈ റൂട്ടിൽ പിൽക്കാലത്ത് സർവീസ് ചുരുങ്ങി വിരലിലെണ്ണാവുന്ന തരത്തിലായി. പാരലൽ സർവീസുകൾ കീഴടക്കിയതാണ് ഇതിന് കാരണം. പെർമിറ്റോ ലൈസൻസോ ഇല്ലാത്ത നിരവധി വാഹനങ്ങളാണ് ഇതുവഴി സർവീസ് നടത്തിയിരുന്നത്. കളക്ഷൻ ഇല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സിക്ക് അവശേഷിക്കുന്ന സർവീസുകൾ കൂടി നിറുത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. ആറോളം സ്കൂളുകൾ സ്ഥിതിചെയ്യുന്ന ഇവിടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ കൺസെഷനിലാണ് യാത്ര ചെയ്തിരുന്നത്. കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തിയാൽ സാധാരണ കുടുംബത്തിൽ നിന്നുള്ള പാവപ്പെട്ട കുട്ടികൾക്ക് പ്രതിദിനം നല്ലൊരു തുക യാത്രാചെലവിനാകും. ഈ സന്ദർഭത്തിലാണ് ഇവിടുള്ളവർ സംഘടിച്ച് ഒരു വാട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുന്നത്. കളക്ഷൻ ആറായിരത്തിന് താഴെയായി അവശേഷിക്കുന്ന സർവീസുകൾ കൂടി നിറുത്തുന്ന സാഹചര്യത്തിൽ എത്തുകയും ഈ കൂട്ടായ്മയുടെ ഫലമായി സർവീസുകളുടെ കളക്ഷൻ പതിനായിരത്തിന് മുകളിലാവുകയും ചെയ്തു.