തിരുവനന്തപുരം: തൊഴിലാളികളുടെയും തൊഴിലുടമയുടെയും വിഹിതം കൂട്ടി തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ശക്തിപ്പെടുത്തുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നൽകി.
തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 8,34,000 അംഗങ്ങളുണ്ട്. ഇതിൽ 54,504 പേർക്ക് 1200 രൂപ പ്രതിമാസ പെൻഷൻ നൽകുന്നുണ്ട്. ഇതിൽ കുടിശികയില്ല.
പെൻഷൻ വിതരണത്തിനുള്ള ഗ്രാന്റ് ഇനത്തിൽ 49 കോടി രൂപ ബോർഡിന് നൽകുന്നതിൽ മുൻസർക്കാർ കുടിശ്ശികയാക്കിയിരുന്നു. ഇതിനുപുറമെ സ്‌ത്രീതൊഴിലാളികൾക്കുള്ള പ്രത്യേക പ്രസവ ധനസഹായം വിതരണം ചെയ്യുന്നതിന് 33,24,62,000 രൂപയും കുടിശ്ശിക ഉണ്ടായിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2014 മാർച്ച് വരെയുള്ള കുടിശ്ശിക വിതരണം ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന കുടിശ്ശിക വിതരണംചെയ്യുന്നതിനുള്ള നടപടികൾ പരിശോധിക്കുകയാണ്.
ഇപ്പോഴത്തെ സർക്കാർ 179,83,42,088 രൂപ പെൻഷൻ വിതരണത്തിനായി തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന് അനുവദിച്ചു നൽകിയിട്ടുണ്ട്.