home

കിളിമാനൂർ : മാനദണ്ഡങ്ങൾ തിരുത്തി ലൈഫ് മിഷൻ ഭവന പദ്ധതിയിലൂടെ വീട് ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ പുളിമാത്ത് പഞ്ചായത്തിലെ ഇന്ദിര ഭവനിൽ ഇന്ദിര (65) നിറഞ്ഞ ചാരിതാർത്ഥ്യത്തിലാണ്. സംസ്ഥാനത്തൊട്ടാകെയുള്ള പിന്നാക്ക വിഭാഗത്തിലുള്ളവരുടെ വാസയോഗ്യമല്ലാത്ത മുഴുവൻ വീടുകളും പുനർനിർമ്മിച്ചു നൽകാൻ ലൈഫ് മിഷൻ മാനദണ്ഡങ്ങൾ തിരുത്തുമെന്ന മന്ത്രി എ.കെ. ബാലന്റെ നിയമസഭയിലെ ഉറപ്പിലാണ് ഇത്. വീടില്ലാത്തവർക്ക് വീട് എന്ന മാനദണ്ഡത്തിൽ നടപ്പിലാക്കിയ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ നിരവധി പരാതികളാണ് ഉണ്ടായിരുന്നത്. വാസയോഗ്യമല്ലാത്ത ഷീറ്റുപുരകളിലും, ചെറ്റക്കുടിലുകളിലും കഴിയുന്ന നിരവധി പേർക്ക് വീടിന് അർഹതയുണ്ടായിട്ടും മാനദണ്ഡങ്ങളിൽ പെട്ട് വീട് കിട്ടാതിരിക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്. ഇത്തരത്തിൽ അർഹതയുണ്ടായിട്ടും വീട് കിട്ടാതെ ചെറ്റക്കുടിലിൽ കഴിയുന്ന ഇന്ദിരയുടെയും ആ കുടിലിൽ കഴിയുന്ന നാല് വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് പേരുടെയും അവസ്ഥയെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതുകണ്ട് ബി. സത്യൻ എം.എൽ.എ ഇത്തരത്തിലുള്ള നിരവധിപേരുടെ കാര്യം കഴിഞ്ഞ ദിവസം അസംബ്ലിയിൽ ശ്രദ്ധ ക്ഷണിക്കലിൽ അവതരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് വാസയോഗ്യമല്ലാത്ത ഭവനം ഇല്ലാതിരുന്നിട്ടും ലൈഫ് മിഷന്റെ മാനദണ്ഡപ്രകാരം ലിസ്റ്റിൽ ഉൾപ്പെടാതെപോയ പിന്നാക്കക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്.