vettukadu

തിരുവനന്തപുരം: തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ പത്ത് ദിവസത്തെ ക്രിസ്തുരാജത്വ തിരുനാൾ മഹാമഹം ഇന്ന് തുടങ്ങും. രാത്രി 7ന് ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്രിൻ പത്തുദിവസത്തെ തിരുനാളിന് കൊടി ഉയർത്തും. 24 വരെയാണ് തിരുനാൾ. അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി നടക്കും. തുടർന്ന് ക്രിസ്തുരാജ പാദത്ത് പ്രദക്ഷിണം. മാലാഖമാർ,​ പേപ്പൽ പതാകവാഹകർ,​ മുത്തുക്കുട വാഹകർ,​ കൊമ്പ്രിയ സഭാംഗങ്ങൾ,​ അൽത്താര ശുശ്രൂഷകർ,​ ചെണ്ടമേളം,​ ബാൻഡ്മേളം എന്നിവ പ്രദക്ഷിണത്തിന് അകമ്പടിയേകും. അതിരൂപതാ മെത്രാൻ ഡോ. സൂസപാക്യം,​ ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,​ മണക്കാട് വലിയപള്ളി ചീഫ് ഇമാം അൽഹാജ് ഹാഫിസ് ഇ.സി. അബൂബക്കർ അൽഖാസിമി എന്നിവർ ആത്മീയ സന്ദേശം നൽകും.

തിരുനാൾ ദിവസങ്ങളിൽ രാവിലെ പ്രഭാതപ്രാർത്ഥനയും ദിവ്യകാരുണ്യ ആരാധനയും സമൂഹദിവ്യബലിയും നടക്കും. നാളെ രാവിലെ 6.15ന് വചനപ്രഘോഷണം. 11നും വൈകിട്ട് 5.30നും സമൂഹദിവ്യബലി. 17ന് രാവിലെ 7ന് വിശ്വാസപ്രഖ്യാപന റാലി നടക്കും. രാവിലെ 6നും 8.30നും 10.30നും സമൂഹദിവ്യബലി. 18 മുതൽ 20 വരെ രാവിലെ 6.15നും 11നും വൈകിട്ട് 5.30നും സമൂഹദിവ്യബലി. 23ന് വൈകിട്ട് 5ന് രൂപതാ വികാരി ജനറൽ ഡോ. മോൺ സി. ജോസഫിന്റെ മുഖ്യകാർമ്മികത്വത്തിൽ സന്ധ്യാവന്ദന പ്രാർത്ഥന. 6.30ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം വെട്ടുകാട് നിന്നാരംഭിച്ച് കണ്ണാന്തുറ പള്ളി വഴി കൊച്ചുവേളി പള്ളിയിലെത്തി തിരികെ ദേവാലയത്തിലെത്തും. 24ന് രാവിലെ 11നുള്ള ദിവ്യബലിക്ക് ശേഷം സ്നേഹവിരുന്ന്. വൈകിട്ട് 5ന് പള്ളിയുടെ പടിഞ്ഞാറ് പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ബലിപീഠത്തിലേക്ക് അതിരൂപതാ ആർച്ച് ബിഷപ് ഡോ. സൂസപാക്യത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ സമൂഹദിവ്യബലി നടക്കും. 29ന് വൈകിട്ട് 5ന് സമൂഹദിവ്യബലി. തുടർന്ന് ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്രിൻ ഉത്സവത്തിന് സമാപനം കുറിച്ച് കൊടിയിറക്കും.

കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസുകൾ

തിരുനാൾ പ്രമാണിച്ച് ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും വെട്ടുകാടേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. കൊച്ചുവേളി, പേട്ട സ്റ്റേഷനുകളിൽ ദീർഘദൂര ട്രെയിനുകൾക്ക് റെയിൽവേ സ്റ്റോപ്പനുവദിച്ചിട്ടുണ്ട്. പൊലീസിന്റെ കൺട്രോൾ റൂമും തയ്യാറായി. നഗരസഭയുടെ ശുചീകരണ വിഭാഗം ഹെൽത്ത് സ്‌ക്വാഡും സജ്ജമാക്കി. ഗ്രീൻ പ്രോട്ടോക്കോൾ പൂർണമായും പാലിക്കുന്നതിന് ഗ്രീൻ വോളന്റിയേഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.