പാലോട്: പച്ചപ്പിന്റെ കാവൽക്കാരനായ കാപട്യങ്ങളില്ലാത്ത പ്രകൃതി സ്നേഹിയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ പ്രൊഫസർ കമറുദീൻ കുഞ്ഞ് (48). പ്രമുഖ സസ്യ ശാസ്ത്രജ്ഞനും പശ്ചിമഘട്ടത്തിന്റെ ജൈവ പ്രാധാന്യം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചവരിൽ പ്രധാനിയുമായിരുന്നു. പ്രകൃതിക്കും പ്രകൃതി സ്നേഹികൾക്കും എന്നും കൈത്താങ്ങായിരുന്ന അദ്ദേഹം ജൈവ ശാസ്ത്ര ലോകത്തിന് നൽകിയ സംഭാവനകൾ ഏറെയാണ്.
പെരിങ്ങമ്മല മാലിന്യപ്ലാന്റ് വിഷയവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലും പഞ്ചായത്തിലും പെരിങ്ങമ്മലയുടെ ജൈവ വൈവിദ്ധ്യത്തെ പറ്റി സംസാരിക്കവെ, നിറകണ്ണുകളോടെ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ച കാഴ്ച ജനഹൃദയങ്ങളിൽനിന്ന് ഒരിക്കലും മായാതെ നിൽക്കും. സർക്കാർ മുന്നോട്ടുവച്ച മാലിന്യപ്ലാന്റ് പദ്ധതിക്കെതിരായി ഉയർന്ന സമരങ്ങൾക്ക് ആശയത്തിലൂടെയും പ്രസംഗങ്ങളിലൂടെയും അദ്ദേഹം ആവേശം പകർന്നു. പെരിങ്ങമ്മലയുടെ ജൈവവൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കിയ കമറുദീന് പശ്ചിമഘട്ട ജൈവ വൈവിദ്ധ്യം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചിരുന്നു.
എൽ.എൽ.ബി, എൽ.എൽ.എം. റാങ്ക് ഹോൾഡർ ആയിരുന്നു. പാലോട് ടി.ബി.ജി.ആർ.ഐയിൽ ശാസ്ത്രജ്ഞനായും പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. ആരോഗ്യപച്ചയുടെ ഗവേഷണവുമായി ബന്ധപ്പെട്ട് ആദിവാസികൾക്കിടയിൽ ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു പാലോട് ഇക്‌ബാൽ കോളേജിനും കാര്യവട്ടം കാമ്പസിനും ഇന്നലെ അവധി നൽകുകയും പെരിങ്ങമലയിൽ സർവ്വകക്ഷി ദുഃഖാചരണം ആചരിക്കുകയും ചെയ്തു. ഒരു നാടിന്റെ മുഴുവൻ കണ്ണീരിൽ കുതിർന്ന വിലാപയാത്രയോടെ കബറടക്കം നടന്നു. അടൂർ പ്രകാശ് എം.പി, ഡി.കെ.മുരളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സഹ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ആദിവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. കേരളകൗമുദിക്കു വേണ്ടി പാലോട് ലേഖകൻ ജിജി, സർക്കുലേഷൻ എക്സിക്യുട്ടീവ് സാംബൻ എന്നിവർ റീത്ത് സമർപ്പിച്ചു.