ഉള്ളൂർ: എസ്.എ.ടി ആശുപത്രിയിൽ 1995 ൽ വെഞ്ഞാറമൂട് സ്വദേശിനി രമാദേവിക്ക് ഒറ്റ പ്രസവത്തിൽ ജനിച്ച അഞ്ചു മക്കളെ വിശിഷ്ടാതിഥികളായി ക്ഷണിച്ചാണ് ഇത്തവണ ആശുപത്രി അധികൃതർ ശിശുദിനം വ്യത്യസ്തമാക്കിയത്. ചടങ്ങിൽ രമാദേവിയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിവരും പങ്കെടുത്തു. റിക്രിയേഷൻ ഹാളിൽ നടന്ന ശിശുദിനാഘോഷച്ചടങ്ങ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്തു.
നവംബർ 14ന് മാത്രമല്ല, എല്ലാ ദിവസവും കുട്ടികൾക്ക് ആഘോഷിക്കാനും സന്തോഷിക്കാനുമുള്ള അവസരവും ചുറ്റുപാടുകളുമുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ ധൈര്യവും സന്തോഷവും വെടിഞ്ഞ് ജീവിക്കാൻ സാഹചര്യമൊരുക്കരുതെന്നും അദ്ദേഹം പറഞ്ഞു. എസ്.എ.ടി യിൽ 2016 ബാച്ചിലെ എം.ഡി പീഡിയാട്രിക്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാർവതി എസ്. മേനോന് പ്രൊഫ. സതി മെമ്മോറിയൽ ഗോൾഡ് മെഡൽ സമ്മാനിച്ചു.
ആശുപത്രി വാർഡുകളിൽ, രോഗീപരിചരണത്തിന് മികച്ച വാർഡായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാം വാർഡിലെ ജീവനക്കാർക്കും ഏറ്റവും വൃത്തിയുള്ള വാർഡായി തിരഞ്ഞെടുത്ത നാലാം വാർഡിലെ ജീവനക്കാർക്കും ടിക്കാറാം മീണ ഉപഹാരങ്ങൾ നൽകി. വിശിഷ്ടാതിഥികളായ പഞ്ചരത്നങ്ങളെയും ആദരിച്ചു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. അജയകുമാർ അദ്ധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നിർമ്മല, ഡോ. വി. കെ. ദേവകുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. അനിത, ഡോ. സൂസൻ ഉതുപ്പ്, ആർ.എം.ഒമാരായ ഡോ. പ്രിയശ്രീ, ഡോ. വിജയകുമാർ, നഴ്സിംഗ് ഓഫീസർ അനുരാധ എന്നിവർ സംസാരിച്ചു.