കല്ലമ്പലം: ഗ്രാമ പ്രദേശങ്ങളിൽ പോലും നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വില. തൊട്ടതിനും പിടിച്ചതിനും വില വർദ്ധിച്ചതോടെ പല വീടുകളിലും ഒരു മാസത്തെ വീട്ടു സാധനങ്ങൾക്കായി നീക്കിവയ്ക്കുന്ന തുക തികയാതെ വരുന്നതായി വീട്ടമ്മമാർ പരിതപിക്കുന്നു. പലരും കടം വാങ്ങിയാണ് ഒരുമാസം കഴിച്ചു കൂട്ടുന്നത്‌. സവാളയുടെയും, ചുവന്നുള്ളിയുടെയും വില കഴിഞ്ഞ ദിവസം കിലോഗ്രാമിന് 100 രൂപയിലെത്തി. കഴിഞ്ഞ ആഴ്ച കിലോഗ്രാമിന് 60 രൂപയായിരുന്നു. വെളുത്തുള്ളി കിലോഗ്രാമിന് ഇന്നലെ 200 കഴിഞ്ഞു. വില കൂടിയത് കാരണം പലരും സവാള വാങ്ങുന്നത് കുറച്ചതായി വ്യാപാരികൾ പറയുന്നു. പച്ചക്കറി വിലയിലും വർദ്ധനയുണ്ട്.

വിപണിയിൽ പച്ചക്കറികളുടെയും പഴ വർഗങ്ങളുടെയും വിലയും കുതിച്ചുയരുകയാണ്. കേരളതീരത്ത് നിന്ന് മീൻ വരവ് മാർക്കറ്റിൽ കുറഞ്ഞിട്ടുണ്ടെങ്കിലും തൂത്തുക്കൂടി മഹാരാഷ്ട്ര, ഗുജറാത്ത്, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് മീൻ എത്തുന്നുണ്ട്. എന്നാൽ വലിയ വിലയാണിവയ്ക്കെന്ന്‍ വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ദിവസം ഇങ്ങനെ കടംബാട്ടുകോണം മൊത്ത മത്സ്യ വ്യാപാര സ്ഥലത്ത് ലേലത്തിനു കൊണ്ടുവന്ന മത്സ്യത്തിൽ പകുതിയും അഴുകിയ നിലയിലായിരുന്നു. ചില്ലറ വിൽപ്പനക്കാരിൽ പലരും ഇത് ലേലത്തിലെടുക്കാ൯ വിസമ്മതിച്ചപ്പോൾ ചിലർ തുച്ഛമായ വിലക്ക് കരസ്ഥമാക്കി വിൽപ്പന നടത്തി.