ആറ്റിങ്ങൽ: ആലംകോട് മാർക്കറ്റിലെ പ്രശ്നങ്ങൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതിൽ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസം ഇതിലെ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞുവീണിരുന്നു. ഭാഗ്യം കൊണ്ടാണ് ദുരന്തം ഒഴിവായത്. ചന്തയ്ക്കുള്ളിൽ കടയ്ക്കാവൂർ റോഡിനോട് ചേർന്ന് നഗരസഭ നിർമ്മിച്ചിട്ടുളള കെട്ടിടത്തിന്റെ ചുവരാണ് തകർന്നത്. ഈ കെട്ടിടത്തിന്റെ വശത്തെ കോൺക്രീറ്റ് പാളിയിൽ നിന്ന് സിമന്റ് പാളികൾ പൊളിഞ്ഞുപോയി കമ്പികൾ പുറത്തുകാണുന്ന നിലയിലാണ്. കെട്ടിടത്തിന് ബലക്കുറവുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
നഗരസഭയുടെ പ്രധാനവരുമാന മാർഗങ്ങളിലൊന്നാണ് ആലംകോട് മാർക്കറ്റ്. മീൻമൊത്തവ്യാപാരമാണ് ഇവിടെ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള കൂറ്റൻ ലോറികളിലാണ് ഇവിടെ മീനെത്തുന്നത്. രാത്രി രണ്ടുമണിമുതലാണ് കച്ചവടം. മൊത്തക്കച്ചവടക്കാരും ചെറുകിടകച്ചവടക്കാരുമായി ധാരാളമാളുകളാണ് ഈ സമയത്ത് ഇവിടെയെത്താറുള്ളത്.
ചന്തയ്ക്കുള്ളിൽ അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് പരാതിയുണ്ട്. വെള്ളം ലഭ്യമാക്കിയിട്ടില്ല. ഇതു കാരണം കക്കൂസും മൂത്രപ്പുരയും പ്രവർത്തിപ്പിക്കാനാകാതെ അടച്ചിട്ടിരിക്കുകയാണ്. ഇവിടെയെത്തുന്ന അന്യസംസ്ഥാനക്കാരായ ലോറിത്തൊഴിലാളികൾ ഉൾപ്പെടെയുളളവർ ഇതുകാരണം ദുരിതം അനുഭവിക്കുകയാണ്. പൊതു ഇടങ്ങളിലാണ് ഇവർ പ്രാഥമിക ആവശ്യം നിർവഹിക്കുന്നത്.
മലിനജലം സംഭരിച്ച്‌സംസ്‌കരിക്കുന്നതിനുളള സംവിധാനം മാർക്കറ്റിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. സംഭരണി നിറഞ്ഞ് ചന്തയ്ക്കുള്ളിലെ ഓടകളിൽ മലിനജലം കെട്ടിനില്ക്കുകയാണിപ്പോൾ. ഇതിൽ നിന്നുയരുന്ന ദുർഗന്ധം പരിസരവാസികൾക്കും നാട്ടുകാർക്കും ദുരിതം വിതയ്ക്കുകയാണ്. ഈ പ്രദേശത്ത് കൊതുകു ശല്യവും രൂക്ഷമാണ്. ഇത് രോഗങ്ങൾ പരത്തുമെന്ന ഭയപ്പാടിലാണ് നാട്ടുകാർ.