തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ കൂടുതൽ വ്യക്തത വരുത്താൻ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താലേഖകരോട് പറഞ്ഞു. സുപ്രീംകോടതി വിധി എന്തായാലും അത് അംഗീകരിക്കുകയെന്നതാണ് സർക്കാർ നിലപാട്. വിധി നടപ്പാക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെന്തൊക്കെ എന്ന് പരിശോധിക്കണം. അതിനാൽ ഒറ്റയടിക്ക് വിധിയെക്കുറിച്ച് പറയാനാവില്ല. അതിനാണ് നിയമജ്ഞരുമായി കൂടിയാലോചിക്കുന്നത്.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ഭൂരിപക്ഷവിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.
നേരത്തേയുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധി നിലനിൽക്കുന്നുവെന്നാണ് മനസിലാക്കുന്നത്. ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപ്രീംകോടതിയുടെ ഏഴംഗ വിശാല ബെഞ്ച് പരിശോധിക്കുമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഏഴംഗ ബെഞ്ച് അത് മാത്രമാകുമോ പരിശോധിക്കുക, അതോ ശബരിമല വിധിയാകെ പരിശോധിക്കുമോ, അതോ ഏഴംഗ ബെഞ്ച് പരിശോധിച്ച വിഷയങ്ങൾ കൂടി ചേർത്ത് അഞ്ചംഗ ബെഞ്ച് വീണ്ടും ശബരിമല വിധി പരിശോധിക്കുമോ എന്നൊക്കെ വ്യക്തമാകാനുണ്ട്.
വിധി വന്നപ്പോൾ ആശയക്കുഴപ്പം കൂടിയിട്ടുണ്ട്. അത് പരിഹരിക്കാൻ ശ്രമിക്കും. എന്നിട്ട് നിലപാടെടുക്കാം. സ്ത്രീകൾ ശബരിമല ദർശനത്തിനെത്തിയാൽ പുതിയ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാം. അഞ്ചംഗ ബെഞ്ചിലെ രണ്ടംഗങ്ങൾ വിധിക്കെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വ്യക്തമാക്കിയതും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.