social-media

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി വ്യക്തിഹത്യ നടത്തിയും അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിച്ചും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആറ് പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. നവരത്ന ഉപേന്ദ്ര ഹോട്ടൽ എം.ഡിയും എസ്.എൻ.ഡി.പി യോഗം പി.പൽപ്പു സ്മാരക യൂണിയൻ പ്രസിഡന്റുമായ ഉപേന്ദ്രൻ കോൺട്രാക്ടറാണ് പരാതി നൽകിയത്.ഇതനുസരിച്ച് ചൂഴാൽ നിർമ്മലൻ, സൂരജ് കുമാർ പണിക്കർ, സതികുമാർ, ശ്രീദാസ്, ബിനു തൊഴുവൻകോട്, രാജീവ് എന്നിവർക്കെതിരെയാണ് കേസ്.

തന്നെയും കുടുംബത്തെയും സമൂഹമദ്ധ്യത്തിൽ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തിൽ അശ്ളീലഭാഷയിലുള്ള സന്ദേശങ്ങളാണ് വിവിധ വാട്സാപ് ഗ്രൂപ്പുകളും ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങളും വഴി പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം നിറുത്തണമെന്ന് തന്റെ സുഹൃത്ത് ആവശ്യപ്പെട്ടപ്പോൾ ഇടനിലക്കാരൻ വഴി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. അതിന് തയ്യാറാകാത്തതിനാൽ അപവാദ പ്രചാരണം തുടരുകയാണ്. ചൂഴാൽ നിർമ്മലന്റെ കാറിൽ ശ്രീനാരായണ വേൾഡ് റിസർച്ച് ആൻഡ് പീസ് സെന്റർ എന്ന ചുവന്ന ബോർഡ് വച്ചതിനെതിരെ ആരോ ആർ.ടി.ഒയ്ക്ക് പരാതി നൽകി. അത് താനാണെന്ന തെറ്റിദ്ധാരണയിലാണ് നിർമ്മലൻ സുഹൃത്തുക്കളുമായി ചേർന്ന് അപവാദ പ്രചാരണം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.