നെടുമങ്ങാട് : എം.സി റോഡിനെ തെങ്കാശി ഹൈവേയുമായി ബന്ധിപ്പിക്കുന്ന മംഗലപുരം - പഴകുറ്റി പാത നവീകരണം ബഡ്ജറ്റ് പ്രഖ്യാപനത്തിലൊതുങ്ങിയെന്ന് പരാതി.മൂന്ന് വർഷം മുമ്പ് ബഡ്ജറ്റിൽ തുക വകയിരുത്തിയ റോഡ് നിർമ്മാണ നടപടികൾ തുടങ്ങിയിടത്ത് തന്നെ നില്ക്കുമ്പോൾ പാവം ജനത്തിന് നടുവൊടിക്കുന്ന യാത്രയാണ് മിച്ചം. പഴകുറ്റിയിൽ തുടങ്ങി വെമ്പായം വരെ കാൽനടയായി പോലും പറ്റാത്ത അവസ്ഥയായി.പഴകുറ്റിക്ക് സമീപം നഗരിക്കുന്ന് റോസ് ജംഗ്‌ഷൻ,കമ്പിക്കട ജംഗ്‌ഷൻ,പ്ലാവറ,വേങ്കവിള,ഇരിഞ്ചയം എന്നിവിടങ്ങളിൽ റോഡിന്റെ മദ്ധ്യഭാഗം ഗർത്തംപോലെയായി.ഇടതു വശം കുന്നിൻ പ്രദേശവും മറുഭാഗം വയൽ പ്രദേശവുമായതിനാൽ മഴവെള്ളം തോടുപോലെ ഒഴുകി റോഡ് തകർക്കുകയാണ്.കമ്പിക്കട ജംഗ്‌ഷനിൽ വളവ് കഴിയുന്ന ഭാഗത്തും ഇതേകാഴ്ചയാണ്. അതിവേഗത്തിൽ പാഞ്ഞു വരുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടുമ്പോൾ റോഡിലെ കുഴിയിൽ വീണ് പരിക്കേൽക്കുകയാണ്. ഇടതു ഭാഗത്തേയ്ക്ക് തിരിയുന്ന റോഡിൽ യാതൊരു സിഗ്നൽ ബോർഡും സ്ഥാപിച്ചിട്ടില്ല.കാൽനട യാത്രക്കാരും സൈക്കിൾ യാത്രക്കാരായ സ്‌കൂൾ കുട്ടികളുമാണ് അപകടത്തിൽ പെടുന്നതിലധികവും.വളവിലെ അപായം ഒഴിവാക്കാൻ വേങ്കവിള നവഭാവന റസിഡന്റ്‌സ് അസോസിയേഷനും ജനമൈത്രി പൊലീസും ചേർന്ന് റോഡ് വക്കിൽ കണ്ണാടി സ്ഥാപിച്ചെങ്കിലും കാര്യമായ പ്രയോജനമില്ല.സീബ്രാ ലൈനും ഇടതുഭാഗത്തേയ്ക്കുള്ള റോഡിന്റെ ദിശാസൂചന ബോർഡും വന്നാലേ ഈ ഭാഗത്തെ അപകടമൊഴിവാകൂ.
ഇരിഞ്ചയം ജംഗ്‌ഷനിൽ നിന്ന് കാക്കോട് തമ്പുരാൻ ക്ഷേത്രം-കുശർകോട് വഴി ബ്ലോക്കോഫീസിലും ഫയർസ്റ്റേഷനിലും എത്താനുള്ള രണ്ട് കി.മീറ്റർ അനുബന്ധ റോഡിന്റെ സ്ഥിതിയും ദയനീയമാണ്.ഫയർസ്റ്റേഷൻ വാഹനങ്ങൾ വളരെ പണിപ്പെട്ടാണ് അപകട സ്ഥലങ്ങളിലെത്തുന്നത്.എം.സി റോഡിൽ നിന്ന് ഐ.എസ്.ആർ.ഒയിലും വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി,ബ്രൈമൂർ,മീന്മുട്ടി എന്നിവിടങ്ങളിലും എളുപ്പത്തിൽ എത്താവുന്ന പാതയായതിനാൽ പഴകുറ്റി റോഡിൽ എപ്പോഴും തിരക്കാണ്.റോഡ് നവീകരണത്തിന്റെ ചുമതലയുള്ള കെ.എസ്.ടി.പി പ്രാരംഭ നടപടികൾ പോലും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി.
ഓടകൾ ഇല്ലാത്തതും ഉള്ളവ വൃത്തിയാക്കാത്തതുമാണ് റോഡ് തകരാൻ പ്രധാന കാരണം.താന്നിമൂട് ഭാഗത്ത് ഉണ്ടപ്പാറ റോഡിൽ നിന്ന് കുത്തിയൊലിച്ച് എത്തുന്ന വെള്ളം കാരണം അപകടം തുടർക്കഥയാണ്.