iti-dhanuvachapuram

പാറശാല: സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐകളും ധനുവച്ചപുരം ഗവ.ഐ.ടി.ഐയുടെ മാതൃകയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

ധനുവച്ചപുരം ഗവ.ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കിഫ്‌ബിയിൽ നിന്നു അനുവദിച്ച 65 കോടിയുടെ ആദ്യഗഡുവിൽനിന്ന് 11.80 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനപദ്ധതികൾ പ്രകാരം ഐ.ടി.ഐയിലെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ചർ, അടിസ്ഥാന സൗകര്യ വികസനം, മികച്ച പരിശീലനം എന്നിവയാണ് ലക്ഷ്യമിടുന്നത്.

പുതിയ ബ്ലോക്ക്‌ നിർമാണത്തിന്റെ ശിലാസ്ഥാപനവും ഇതോടൊപ്പം നടന്നു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എ.എസ്.ഇ മാനേജിംഗ് ഡയറക്ടറും എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടറുമായ എസ്. ചന്ദ്രശേഖർ സ്വാഗതം ആശംസിച്ചു.

കെ.ആൻസലൻ എം.എൽ.എ വിശിഷ്ടാതിഥിയായിരുന്നു.

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, നെയ്യാറ്റിൻകര നഗരസഭാ അദ്ധ്യക്ഷ ഡബ്ളിയു.ആർ. ഹീബ, കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ. ലേഖ, വൈസ് പ്രസിഡന്റ് വി.എസ്. ബിനു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.ഗീത രാജശേഖരൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.കെ. ബെൻഡാർവിൻ തുടങ്ങിയവർ സംസാരിച്ചു. കെ.എ.എസ്.ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനൂപ് .എം.ആർ റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രിൻസിപ്പൽ സാംരാജ് .എം.എഫ് കൃതജ്ഞത പറഞ്ഞു.