തിരുവനന്തപുരം:സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക വജ്രജൂബിലി ആഘോഷത്തിന്റെയും 112-ാമത് എസ്.ഐ.യു.സി. ദിനാചരണത്തിന്റെയും സമാപനത്തോടനുബന്ധിച്ച് നാളെ റാലിയും സമ്മേളനവും നടക്കും. റാലിയിലും പൊതു സമ്മേളനത്തിലും രണ്ടുലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്ന് ബിഷപ് എ.ധർമ്മരാജ് റലാസം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2ന് പാളയം എൽ.എം.എസ് കോമ്പൗണ്ടിൽ നിന്നാരംഭിക്കുന്ന റാലി പുത്തരിക്കണ്ടത്തു സമാപിക്കും. 4ന് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, എം.എൽ.എമാരായ വി.കെ.പ്രശാന്ത്, വി.എസ്.ശിവകുമാർ,കെ.ആൻസലൻ, സി.ദിവാകരൻ,സി.കെ.ഹരീന്ദ്രൻ, ഡി.കെ.മുരളി, ഒ.രാജഗോപാൽ, ഐ.ബി.സതീഷ്, കെ.എസ്.ശബരീനാഥൻ, എം.വിൻസന്റ്, മേയർ കെ.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ഡോ.പി.കെ.റോസ്ബിസ്റ്റ്, ജോയിന്റ് സെക്രട്ടറി സ്റ്റാൻലി ജോർജ്, ട്രഷറർ ഡി.എൻ.കാൽവിൻ ക്രിസ്റ്റോ എന്നിവർ പങ്കെടുത്തു.