നെടുമങ്ങാട് : അരുവിക്കര ഗ്രാമപഞ്ചായത്തിലെ ചെറിയകൊണ്ണി അംഗൻവാടിയിൽ വിതരണം ചെയ്ത ഉപ്പുമാവിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രക്ഷകർത്താക്കൾ ഉന്നതധികൃതർക്ക് പരാതി നൽകി. ചൊവാഴ്ച വൈകിട്ട് കുട്ടികൾ വീട്ടിൽ കൊണ്ടുപോയ ഉപ്പുമാവിലാണ് പുഴു കണ്ടെത്തിയത്.ആദ്യം പുഴുക്കളെ ലഭിച്ച ചെറിയകൊണ്ണി സ്വദേശി സമീപത്തെ രക്ഷകർത്താക്കളോട് വിവരം അന്വേഷിച്ചപ്പോൾ അവർക്കും പുഴുക്കളെ കിട്ടിയതായി അറിഞ്ഞു. ഉപ്പുമാവ് തയ്യാറാക്കാൻ ഉപയോഗിച്ച നുറുക്ക് ഗോതമ്പ് സാമ്പിളുകൾ ബന്ധപ്പെട്ടവർ പരിശോധനയ്ക്ക് നൽകിയിട്ടുണ്ടെങ്കിലും കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ ഇത്തരം സംഭവം ഇതാദ്യമാണെന്നും മേലധികാരികൾക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്നും അംഗൻവാടി ടീച്ചർ മിനികുമാരി പറഞ്ഞു.