sabarimala-

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ ഇന്നലത്തെ വിധി ഇടതുസർക്കാരിന് ഒരേ സമയം ആശ്വാസവും വെല്ലുവിളിയുമാണ്. വിധി സൃഷ്ടിച്ച ആശയക്കുഴപ്പങ്ങൾ മുഴച്ചുനിൽക്കുന്നത് കൊണ്ടുതന്നെ യുവതീപ്രവേശനക്കാര്യത്തിൽ അവധാനതയോടെ നീങ്ങാനാണ് ഇടതുനേതൃത്വത്തിന്റെയും സർക്കാരിന്റെയും നീക്കം. കഴിഞ്ഞ വർഷത്തെ വിധിക്ക് സ്റ്റേയുണ്ടോ ഇല്ലയോ എന്ന് കോടതി പറയാത്ത സ്ഥിതിക്ക്, 36 യുവതികൾ ശബരിമലപ്രവേശനത്തിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് നിൽക്കുന്നതൊരു വെല്ലുവിളിയാണ്. അവരെ ക്രമസമാധാനപ്രശ്നമുൾപ്പെടെ പറ‌‌ഞ്ഞ് പിന്തിരിപ്പിക്കാനാവും സർക്കാർ ശ്രമം. യുവതീപ്രവേശനത്തിന് ആവേശമോ തിടുക്കമോ കാട്ടേണ്ടതില്ലെന്നതിന്റെ സൂചനയാണ്, നിയമോപദേശം തേടി വിധിയിൽ വ്യക്തത വരുത്താനുള്ള സർക്കാർനീക്കം.

ലിംഗസമത്വവുമായി ബന്ധപ്പെട്ട വിശാലമായ പരിഗണനാവിഷയങ്ങൾ സഹിതം ഏഴംഗബഞ്ചിന് വിടുകയും മതവിശ്വാസത്തിനുള്ള അവകാശവും തുല്യതയ്ക്കുള്ള അവകാശവും എങ്ങനെ പൊരുത്തപ്പെടുമെന്ന ചോദ്യമുയർത്തുകയും ചെയ്ത സ്ഥിതിക്ക് യുവതീപ്രവേശന വിഷയം വീണ്ടും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായി മാറിയെന്ന് വ്യാഖ്യാനിക്കാം. അങ്ങനെ വരുമ്പോൾ കോടതിയുടെ പരിഗണനയിലുള്ള തർക്കവിഷയത്തിൽ തിടുക്കപ്പെട്ട് തീരുമാനമില്ലെന്ന സമീപനത്തിലേക്ക് സർക്കാരിന് മാറാനാവും. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന സി.പി.എം നിലപാട് മാറ്റാതെ തന്നെ ഇങ്ങനെയൊരു നിലപാടെടുക്കാം. പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ മനസ്സിലിരിപ്പും ഇതാണ്.

അതല്ല, വിധി കോടതി സ്റ്റേ ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് കഴിഞ്ഞവർഷത്തെ വിധിക്കുശേഷമുള്ള തൽസ്ഥിതി തുടരുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടാം. അങ്ങനെ വരുമ്പോഴാണ് കോടതിവിധി മാനിച്ച് യുവതീപ്രവേശനം അനുവദിക്കേണ്ടി വരുന്നത്.

മണ്ഡലവിളക്ക് സീസൺ രണ്ട് ദിവസത്തിനകം തുടങ്ങാനിരിക്കെ, കഴിഞ്ഞ വർഷത്തെ വിധിക്ക് സ്റ്റേയുണ്ടോ എന്നതിലുൾപ്പെടെ നിയമോപദേശം തേടാനുള്ള സർക്കാർ തീരുമാനം വ്യക്തമാക്കുന്നത് വിധി നടപ്പാക്കിയേ തീരൂ എന്ന കടുംപിടുത്തത്തിൽ നിന്ന് സർക്കാർ പിന്മാറുന്നുവെന്നാണ്. യു.ഡി.എഫിന്റെയും സംഘപരിവാറിന്റെയും രാഷ്ട്രീയമുതലെടുപ്പിനുള്ള അവസരത്തെ ഇല്ലാതാക്കുകയും ലക്ഷ്യമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് ഒരു കാരണമായി സി.പി.എം വിലയിരുത്തിയത് ശബരിമല വിധി സർക്കാരിനെതിരായ തെറ്റിദ്ധാരണയ്ക്കിടയാക്കി എന്നാണ്. തെറ്റിദ്ധാരണയകറ്റാൻ പാർട്ടി നടത്തിയ ഗൃഹസന്ദർശനപരിപാടിയിലും ജനങ്ങളിൽ നിന്ന് ഇതേരീതിയിലുള്ള പ്രതികരണങ്ങൾ നേരിടേണ്ടി വന്നു. വനിതാമതിലിന് പിറ്റേന്ന് രണ്ട് യുവതികൾ ശബരിമലയിൽ കയറിയതും തെറ്റിദ്ധാരണയ്ക്കിട വരുത്തിയെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് ജാഗ്രതയോടെ നീങ്ങാനാവും സി.പി.എമ്മും ഇടതുനേതൃത്വവും ശ്രമിക്കുക. അങ്ങനെ ചെയ്യുമ്പോഴും കഴിഞ്ഞവർഷം രണ്ട് യുവതികളെ പ്രവേശിപ്പിക്കുക വഴി കോടതിവിധിയെ വെല്ലുവിളിച്ച് സംഘപരിവാർ നടത്തിയ നീക്കങ്ങൾക്ക് മുഖ്യമന്ത്രിക്ക് തടയിടാനായിയെന്ന വിലയിരുത്തലുമുണ്ട്.

സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റ് ഇന്ന് ചേർന്നിട്ടാകും വിധിയുടെ കാര്യത്തിൽ പാർട്ടിയുടെ ഔദ്യോഗികതീരുമാനം പറയുക.

അതേസമയം, സുപ്രീംകോടതിയുടെ ഇന്നലത്തെ വിധിയെ രാഷ്ട്രീയനേട്ടമായി വ്യാഖ്യാനിച്ചുള്ള പ്രചരണത്തിനാകും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ശ്രമം. രാഹുൽഗാന്ധി സ്ത്രീപ്രവേശനത്തെ തുടക്കത്തിൽ അനുകൂലിച്ചിട്ടും സംസ്ഥാനനേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി, പിന്നീട് പ്രതികരിക്കാതിരിക്കുകയുണ്ടായി. ഏഴംഗബഞ്ചിന് വിട്ടതോടെ നിയമനിർമ്മാണമെന്ന തലവേദനയിൽ നിന്ന് ബി.ജെ.പി കേന്ദ്രനേതൃത്വത്തിനും ഒഴിയാനാവും. യുവതീപ്രവേശനനിലപാട് നേരത്തേ തിരുത്തിയ സംഘപരിവാറിന് അന്തിമതീർപ്പ് വരെയും ആചാരസംരക്ഷണവിഷയം കടുപ്പിച്ചുനിറുത്താം.