rrv-ghs-trofiyumayi

കല്ലമ്പലം : കിളിമാനൂർ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവത്തിൽ രാജാരവിവർമ്മാ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ തുടർച്ചയായി മൂന്നാം വർഷവും ഹെസ്കൂൾ, ഹയർസെക്കന്ററി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി.

ഹൈസ്കൂൾ വിഭാഗത്തിൽ 237 പോയിന്റും ഹയർസെക്കൻഡറി വിഭാഗത്തിൽ 248 പോയിന്റും കരസ്ഥമാക്കിയാണ് ആർ. ആർ. വിയുടെ ജൈത്രയാത്ര. അതോടൊപ്പം പൊതുവിദ്യാലയങ്ങളിൽ ഏറ്റവും കൂടതൽ പോയിന്റ് നേടുന്ന വിദ്യാലയവും രാജാരവിവർമ്മാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളായി. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ഓവറോൾ ഒന്നാം സ്ഥാനം നേടിയിരുന്നതും രാജാരവിവർമ്മാ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളായിരുന്നു.

നവായിക്കുളത്തും ഇതേ വിജയം ആവർത്തിക്കാൻ ആർ.ആർ.വി ക്ക് സാധിച്ചു.ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിലും സ്കൂൾ ഓവറോൾ ഒന്നാംസ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 233 പോയിന്റും ഹയർസെക്കൻഡറി വിഭാഗത്തിൽ 239 പോയിന്റും നേടി ചാത്തമ്പറ കെ ടി സി ടി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗത്തിൽ 74 പോയിന്റും, എൽ പി വിഭാഗത്തിൽ 58 പോയിന്റും കരസ്ഥമാക്കി കെ. ടി. സി. ടി സ്കൂൾ ഈ വിഭാഗങ്ങളിൽ ഓവറോൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി. എൽ.പി വിഭാഗത്തിൽ 57 പോയിന്റെ നേടിയ മടവൂർ എൽ പി എസ് രണ്ടാംസ്ഥാനം നേടി. യു പി വിഭാഗത്തിൽ 72 പോയിന്റ് വീതം നേടി ഗുരുദേവ് യു പി എസ് ദർശനാവട്ടം, എം. എം. യു. പി.എസ് പേരൂർ, എസ് എൻ യു പി എസ് തേവലക്കാട് എന്നീ സ്കൂളുകൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി. സംസ്കൃതോത്സവത്തിൽ യു.പി വിഭാഗത്തിൽ പുലിയൂർകോണം എസ് വി യു പിഎസും, എച്ച് എസ് വിഭാഗത്തിൽ രാജാരവിവർമ്മാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളും ജേതാക്കളായി. അറബിക് കലോത്സവത്തിൽ എൽ. പി വിഭാഗത്തിൽ ഗവ. യു. പി എസ് പേരൂർ വടശേരിയും, യു .പി വിഭാഗത്തിൽ കടുവയിൽ കെ. ടി. സി .ടി സ്കൂളും, എച്ച്. എസ് വിഭാഗത്തിൽ നാവായിക്കുളം ഗവ. ഹയർസെക്കന്ററി സ്കൂളും ജേതാക്കളായി. സമാപന സമ്മേളനം വി. ജോയി എം. എൽ. എ ഉദ്ഘാടനം ചെയ്തു. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി അദ്ധ്യക്ഷനായി. ആർ. ബിജു അവാർഡ് പ്രഖ്യാപനം നടത്തി. സീരിയൽതാരം പ്രദീപ് ചന്ദ്രൻ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എസ്.എസ്. ബിജു സ്വാഗതം പറഞ്ഞു.