ചിറയിൻകീഴ്: കടലിലെ ദൂരപരിധി ലംഘിച്ചുവെന്നാരോപിച്ച് ബോട്ടിലെ മത്സ്യത്തൊഴിലാളികളെ ചെറുവള്ളങ്ങളിലെ തൊഴിലാളികൾ ബന്ദികളാക്കിയത് സംഘർഷത്തിനിടയാക്കി.
18 ബോട്ടുകളിലുണ്ടായിരുന്നവരെയാണ് അഞ്ചുതെങ്ങ് കടലിൽ ചെറുവള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ ബന്ദികളാക്കിയത്.
വലിയബോട്ടുകളിലെത്തി ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നത് ചെറുവള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളെ സാരമായി ബാധിക്കുന്നുവെന്നാരോപിച്ചാണ് ബന്ദികളാക്കിയത്. ഇവരെ കരയ്ക്കെത്തിച്ച് അഞ്ചുതെങ്ങ് പൊലീസിന് കൈമാറി.
പരവൂർ പൊഴിക്കര മുതൽ അഞ്ചുതെങ്ങ് തെക്ക് വടക്ക് പള്ളിവരെ ചെറുവള്ളങ്ങൾക്കാണ് മത്സ്യബന്ധനത്തിനുള്ള അവകാശമെന്നാണ് ഇവരുടെ വാദം. അഞ്ചുതെങ്ങ് എസ്.ഐ മറൈൻ എൻഫോഴ്‌സ്‌മെന്റ് ഫിഷറീസ് വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ അതിർത്തി പുനർ നിർണയിക്കാമെന്ന ഉറപ്പിന്മേൽ തൊഴിലാളികളെയും ബോട്ടുകളെയും സ്വതന്ത്രമാക്കി. കടലിൽ മുപ്പത് മീറ്റർ ആഴത്തിനപ്പുറം മാത്രമേ വലിയ ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് അനുവാദമുള്ളൂ. എന്നാൽ ഇത് പലപ്പോഴും ലംഘിക്കാറുണ്ടെന്നും അങ്ങനെ ചെയ്യുന്ന ബോട്ടുകൾക്ക് ഭീമമായ തുക പിഴ ചുമത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനു ശേഷമേ മത്സ്യത്തൊഴിലാളികൾ പിടിച്ചെടുത്ത ബോട്ടുകൾ അതിർത്തി ലംഘിച്ചോ എന്ന് മനസിലാക്കാനാകൂ. ബോട്ട് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് ബോട്ടിലെ തൊഴിലാളികളും ബോട്ടുടമകളും തീരദേശ റോഡ് ഉപരോധിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ നടന്ന ചർച്ചയിലാണ് ഉപരോധം അവസാനിപ്പിച്ചത്.