വിദർഭയെ 26 റൺസിന് തോൽപ്പിച്ച കേരളം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്
തുമ്പ : രഞ്ജി ട്രോഫി ചാമ്പ്യൻമാരായ വിദർഭയെ തുമ്പ സെന്റ്സേവ്യേഴ്സ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന സെയ്ദ് മുഷാതാഖ് അലി ട്വന്റി -20 ടൂർണമെന്റിലെ തങ്ങളുടെ നാലാം മത്സരത്തിൽ 26 റൺസിന് മലർത്തിയടിച്ച് കേരളം രഞ്ജി ട്രോഫി സെമിഫൈനലിൽ വിദർഭയോട് ഇന്നിംഗ്സ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനുള്ള തിരിച്ചടികൂടിയായി മുൻ ഇന്ത്യ, താരം റോബിൻ ഉത്തപ്പ നയിച്ചിറങ്ങിയ കേരള ടീമിന്റെ വിജയം. ഇതോടെ ബി ഗ്രൂപ്പ് പോയിന്റ് നിലയിൽ വിദർഭയ്ക്കും തമിഴ്നാടിനും പിന്നിൽ മൂന്നാം സ്ഥാനത്ത് ഉയരാനും കേരളത്തിനായി.
ഇന്നലെ തുമ്പയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നിശ്ചിത 20 ഓവറിൽ 162/7 എന്ന സ്കോർ ഉയർത്തിയപ്പോൾ വിദർഭ 136/7 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു. നായകന്റെ ഉത്തരവാദിത്വത്തോടെ ബാറ്റുവീശിയ ഉത്തപ്പ (39 പന്തിൽ പുറത്താകാതെ 69, രണ്ട് ഫോർ, അഞ്ച് സിക്സ്) പിന്തുണ നൽകിയ മുൻ നായകൻ സച്ചിൻ ബേബി (37 പന്തിൽ 39 റൺസ്) എന്നിവരുടെ ബാറ്റിംഗാണ് കേരളത്തിന് മികച്ച സ്കോർ നൽകിയത്.
വിഷ്ണു വിനോദ് (13), ജലജ് സക്സേന (13), സഞ്ജു സാംസൺ (9) എന്നിവർ പുറത്തായതോടെ 59/3 എന്ന നിലയിലായിരുന്ന കേരളത്തിന് ഉത്തപ്പയും സച്ചിൻ ബേബിയും ചേർന്ന് നേടിയ 60 റൺസ് ആത്മവിശ്വാസം നൽകി. സച്ചിനുശേഷം അസ്ഹറുദ്ദീൻ (1), അക്ഷയ് ചന്ദ്രൻ (10), ബേസിൽ തമ്പി (2) എന്നിവരെ കൂടി നഷ്ടമായെങ്കിലും ഉൾപ്പെടെയുടെ തകർപ്പനടി 162 റൺസിലേക്ക് എത്തിച്ചു.
മറുപടിക്കിറങ്ങിയ വിദർഭയെ വരിഞ്ഞുമുറുക്കിയത് 8 പേർമാരായ സന്ദീപ് വാര്യരും മുഹമ്മദ് ആസിലും നിതീഷും സ്പിന്നർമാരായ അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും ചേർന്നാണ്. സന്ദീപ് നാലോവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ജലജ്, ആസിഫ്, അക്ഷയ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
അക്ഷയ് വാദ്കർ (29), കർനേവാർ (28), റുഷദ് റാത്തോഡ് (23) എന്നിവർക്ക് മാത്രമാണ് വിദർഭനിരയിൽ പിടിച്ചുനിൽക്കാനായത്.
ഗ്രൂപ്പ് ബി പോയിന്റ് നില
(ടീം, കളി, പോയിന്റ്)
വിദർഭ 5-16
തമിഴ്നാട് 4-12
കേരളം 4-12
രാജസ്ഥാല 4-8
യു.പി 4-8
ത്രിപുര 4-4
മണിപ്പൂർ 5-0
ഗ്രൂപ്പിൽ ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് കേരളത്തിനുള്ളത്.
മൂന്ന് കേരളം രാജസ്ഥാനെയും ഞായറാഴ്ച തമിഴ്നാടിനെയും നേരിടും.