ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയെ അഫ്ഗാനിസ്ഥാൻ 1-1ന് സമനിലയിൽ തളച്ചു
ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരം
ദുഷാൻബെ :ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാക്കി ഇന്നലെ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 1-1ന് സമനിലയിൽ തളച്ചു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ സെൽഫീ നസാരിയിലൂടെ മുന്നിലെത്തിയിരുന്ന അഫ്ഗാനെതിരെ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ സെമിയൻ ഡംഗലിലൂടെയാണ് സമനിലയിൽ പിടിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്.
ആദ്യമായി കൃത്രിമ ടർഫിൽ കളിക്കാനിറങ്ങിയതിന്റെ അങ്കലാപ്പിലായിരുന്ന ഇന്ത്യ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദിനും ആഷിഖ് കുരുണിയനും ആദ്യ ഇലവനിൽ അവസരം നൽകിയിരുന്നു. മത്സരത്തിന്റെ പത്താം മിനിട്ടിലെ അഫ്ഗാന്റെ ഒരു മിന്നൽ മുന്നേറ്റം ഇന്ത്യൻ പോസ്റ്റിൽ ആശങ്കയുണർത്തി. അഫ്ഗാനിസ്ഥാന്റെ ആദ്യ ഷോട്ട് ആദിൽ ഖാൻ തടുത്തെങ്കിലും വീണ്ടും അവർ പന്ത് പിടിച്ചെടുത്ത് ഷോട്ടു തീർത്തു. 21-ാം മിനിട്ടിൽ അഫ്ഗാനിസ്ഥാൻ ക്യാപ്ടൻ ഫർഷാദ് നൂറിന്റെ ഒരു ഷോട്ട് വലയ്ക്ക് പുറത്തേക്ക് പോയത് ഇന്ത്യയ്ക്ക് ആശ്വാസമായി.
27-ാം മിനിട്ടിലായിരുന്നു ഇന്ത്യയുടെ ആദ്യത്തെ ആസൂത്രിതമായ ആക്രമണം. ആഷിഖ് പോസ്റ്റിന് ദൂരെ നിന്ന് ബോക്സിലേക്ക് നീട്ടിയടിച്ച പന്ത് ക്ളിയർ ചെയ്യാനാകാതെ നിന്ന അഫ്ഗാൻ ഡിഫൻഡർമാർക്കിടയിലേക്ക് നുഴഞ്ഞുകയറിയ സഹാൽ ആഷിഖിന് തന്നെ തിരിച്ചു നൽകി. എന്നാൽ, ആഷിഖിന്റെ ഷോട്ട് വലയ്ക്ക് മുകളിലേക്ക് പോവുകയായിരുന്നു.
39-ാം മിനിട്ടിൽ നാജിബിൽ നിന്ന് ലഭിച്ച കോസ്റ്റ് അഫ്ഗാൻ താരം ഫൈസൽ കണക്ട് ചെയ്തിരുന്നെങ്കിൽ സ്കോർബോർഡ് തുറന്നേനെ. എന്നാൽ, ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യ ഭയന്നത് സംഭവിച്ചു. അഫ്ഗാന്റെ പേരിലൊരു ഗോൾ.
ആദ്യ പകുതിയുടെ അധിക സമയത്തിന്റെ തുടക്കത്തിൽ ഡേവിഡ് നാജെം ബോക്സിലേക്ക് അടിച്ച പന്ത് ഇന്ത്യൻ പ്രതിരോധം ക്ളിയർ ചെയ്യാൻ ശ്രമിച്ചത് പിടിച്ചെടുത്താണ് സെൽഫി നസാരി സ്കോർ ചെയ്തത്.
68-ാം മിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്ന് ബ്രാൻഡൻ നൽകിയ ക്രോസ് മാർക്ക് ചെയ്യപ്പെടാതെ നിന്ന സുനിൽ ഛെത്രി ക്രോസ് ബാറിലേക്ക് ഹെഡ് ചെയ്തത് ഇന്ത്യയുടെ സമനില പ്രതീക്ഷയ്ക്ക് വീണ്ടും തിരിച്ചടിയായി.രണ്ടാം പകുതിയുടെ അവസാന സമയത്ത് രണ്ടും കൽപ്പിച്ച് കളിച്ചതാണ് ഇന്ത്യയ്ക്ക് സമനില നൽകിയത്.