വെള്ളറട: വെള്ളറട പൊലീസ് സ്റ്റേഷനിൽ നിന്ന് കൂതാളി കരിപ്പവാലിയിൽ പരാതി അന്വേഷിച്ചു പോയ പൊലീസുകാരന് മർദ്ദനമേറ്റു. പ്ളാമൂട്ടുക്കട എറിച്ചല്ലൂർ വിജയ ഭവനിൽ അജീഷ് (34) ആണ് മൂന്നംഗ സംഘത്തിന്റെ മർദ്ദനമേറ്റത്. സംഭവത്തിൽ കരിപ്പുവാലി സ്വദേശി ശരത് മോഹൻ, ഷൈജു മോഹൻ ഇവരുടെ മാതാവ് സുധ എന്നിവർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് അമ്പൂരി ചീനിക്കാല സ്വദേശി ചന്ദ്രൻ നൽകിയ പരാതി അന്വേഷിച്ച് പോയതായിരുന്നു അജീഷ്. ചന്ദ്രന്റെ വസ്തുവിൽ നിന്ന ആഞ്ഞിൽ മരം മുറിച്ച് റോഡിൽ അടുക്കിവച്ചിരുന്നു. ഇത് കയറ്റാൻ പോയപ്പോൾ സമീപവാസികളായ രണ്ടംഗ സംഘം തടഞ്ഞു. ഇതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പരാതി അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. ഇതിനിടെ രണ്ടംഗസംഘം പൊലീസിനുനേരെ ആക്രമണം തുടങ്ങി. കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. പിടിച്ചു തള്ളിയതുകാരണം നിലത്തുവീണ് ഇടതു കൈയ്ക്ക് പരിക്കേറ്റു. മർദ്ദനമേൽപ്പിച്ച സംഘാംഗങ്ങളുടെ മാതാവ് പൊലീസുകാരന്റെ വലതുകയ്യിൽ കടിച്ചും പരിക്കേൽപ്പിച്ചു. അജീഷിനെ വെള്ളറട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.