തിരുവനന്തപുരം: പ്രാവ് മോഷണം പോയതിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. നെടുങ്കാട് കുന്നുംപുറം സ്വദേശിയായ ടിന്റു എന്നു വിളിക്കുന്ന ജിതിനാണ് (20) പിടിയിലായത്. കരമന നെടുങ്കാട് സ്വദേശി രാജേഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. നെടുങ്കാട് കുന്നുംപുറം ജംഗ്ക്ഷന് സമീപമായിരുന്നു സംഭവം. ബൈക്കിൽ പോകുകയായിരുന്ന രാജേഷിനെ തടഞ്ഞു നിറുത്തിയ പ്രതി തള്ളിയിട്ടശേഷം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവശേഷം രക്ഷപ്പെട്ട ജിതിൻ കോവളത്തു നിന്ന് സുഹൃത്തിനെ കാണാൻ പോകവെയാണ് പിടിയിലായത്. കരമന പൊലീസ് ഇൻസ്പെക്ടർ പി.ഷാജിമോന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സാഗർ, ശിവകുമാർ, സി.പി.ഒമാരായ സജികുമാർ, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.