കോലഞ്ചേരി: ശബരിമല വിധി വരും മുമ്പ് കേസിന്റെ 'വിധി ' പ്രവചിച്ച ഫേസ് ബുക്ക് പോസ്റ്റ് വൈറലായി. ബുധനാഴ്ച രാത്രി 8.35 നാണ് ഇന്നലെ വന്ന വിധിയുടെ പ്രവചനം നടന്നത്. ഹരികൃഷ്ണൻ എന്ന ഫേസ് ബുക്ക് ഐ.ഡിയിൽ നിന്നുമാണ് പ്രവചനം വന്നത്. യഥാർത്ഥ വിധിയുമായുള്ള സാദൃശ്യമാണ് പോസ്റ്റ് വൈറലാകാൻ കാരണം. വിധി ഏഴംഗ ബെഞ്ചിനു വിടുമെന്നും സ്റ്റേ ഉണ്ടാകില്ലെന്നുമായിരുന്നു ഹരികൃഷ്ണന്റെ പ്രവചനം. ബുധനാഴ്ച ഇട്ട പോസ്റ്റിനു താഴെ ട്രോളിന്റെ പെരുമഴയായിരുന്നു തുടക്കത്തിൽ. എന്നാൽ ഇന്നലെ പ്രവചനക്കാരനെ വാനോളം പുകഴ്ത്താനും സൈബർ ലോകം മടിച്ചില്ല. നിങ്ങൾ പോൾ ബാർബറല്ലെ, ലോട്ടറി എടുത്തു തരുമോ ഇങ്ങനെ പോകുന്നു കമന്റുകൾ. വിധി വന്നതോടെ ലൈക്കുകളും കമന്റ് ബോക്സും നിറഞ്ഞു.
എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കിൽ ആയതിനാൽ ഞാനും വിധി പ്രവചിക്കുന്നു എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. വിധി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിടുന്നു. നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല... ഇങ്ങനെ പോകുന്നു പോസ്റ്റ്. ഹരികൃഷ്ണനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഫേസ് ബുക്കിൽ നിന്നും ലഭ്യമാകുന്നില്ല.