പത്തനംതിട്ട/തിരുവനന്തപുരം: യുവതീ പ്രവേശന വിഷയം സുപ്രീംകോടതി വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തെപ്പോലെ ശബരിമല ദർശനം നടത്താൻ ശ്രമിക്കുന്ന യുവതികൾക്ക് ഇത്തവണ പൊലീസ് സംരക്ഷണമുണ്ടാകില്ലെന്ന് സൂചന. ദർശനത്തിനെത്തുന്ന യുവതികളെ തടയുമെന്ന് ആചാര സംരക്ഷണസമിതി പ്രഖ്യാപിച്ചിരിക്കെ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് പൊലീസ് ശ്രമം. ഇല്ലെങ്കിൽ ശബരിമല വീണ്ടുമൊരു സംഘർഷ ഭൂമിയാകും. അത് ഒഴിവാക്കാനാണ് പൊലീസിന്റെ ശ്രമം. സർക്കാരും ഈ നിലപാടാകും സ്വീകരിക്കുക എന്നും സൂചനയുണ്ട്. അതേസമയം, സർക്കാരിന്റെ നിലപാട് അറിഞ്ഞശേഷം അനുയോജ്യമായ തീരുമാനം എടുക്കുമെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞത്.
ദുബായിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം ഡി.ജി.പി ലോക് നാഥ് ബെഹ്റ ഇന്ന് പുലർച്ചെ മടങ്ങിയെത്തിയിട്ടുണ്ട്. ഡി.ജി.പിയും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തും. കഴിഞ്ഞവർഷം ശബരിമല സീസണിലുണ്ടായ സംഘർഷങ്ങളും ക്രമസമാധാന പ്രശ്നങ്ങളും നിർഭാഗ്യകരമായ സംഭവങ്ങളും സർക്കാരിനും പൊലീസിനുമെതിരെ വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് തിരിച്ചടിയും നേരിട്ടിരുന്നു. അതിനാൽ, ഇക്കുറി നിയമോപദേശം ഉൾപ്പെടെ തേടിയശേഷമാവും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
അതേസമയം, മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കുമ്പോൾ യുവതികൾ ദർശനത്തിന് എത്തിയാലുള്ള സ്ഥിതിയെ പൊലീസ് ഗൗരവമായി വീക്ഷിക്കുന്നുണ്ട്. അതിനിടെ ആക്ടിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ദർശനത്തിന് എത്തിയേക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്യുന്നു. ഇവരെ ക്രമസമാധാന പ്രശ്നങ്ങളും സാഹചര്യങ്ങളും ബോദ്ധ്യപ്പെടുത്തി പമ്പയിൽ നിന്ന് തിരിച്ചയയ്ക്കാനാകും പൊലീസ് ശ്രമിക്കുക. ദർശനത്തിന് എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് സ്ഥാപകയും ആക്ടിവിസ്റ്റുമായ തൃപ്തി ദേശായി അറിയിച്ചിട്ടുണ്ട്.
ദർശനം നടത്താൻ 36 യുവതികൾ ഒാൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളതായി അഭ്യൂഹങ്ങളുണ്ടെങ്കിലും ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടില്ലെന്നും യുവതികൾ ബുക്ക് ചെയ്തവരുടെ കൂട്ടത്തിലുണ്ടോയെന്ന് അറിയില്ലെന്നുമാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. യുവതികൾക്ക് കയറാൻ പൊലീസ് സംരക്ഷണം ഒരുക്കിയാൽ ഈ മണ്ഡലകാലവും കടന്നുപോവുക സംഘർഷങ്ങളിലൂടെയായിരിക്കും.
അതേസമയം, ക്രമസമാധാനത്തിൽ ഒരു തരത്തിലും ഭംഗം വരുന്ന പ്രവൃത്തികൾ ഉണ്ടാകരുതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സുപ്രീംകോടതി വിധിയെ തുടർന്ന് കഴിഞ്ഞ മണ്ഡലകാലത്ത് 15,000 ത്തിലധികം പൊലീസുകാരാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. അൻപത് വയസ് കഴിഞ്ഞ അഞ്ഞൂറോളം വനിതാ പൊലീസുകാരെയും നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ അഞ്ച് ഘട്ടങ്ങളായി 10,017 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. 1500 ലധികം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടാകും.
എ.ജി മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം : അഡ്വക്കേറ്റ് ജനറൽ സി.പി സുധാകർ പ്രസാദ് ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ശബരിമല വിധിയുടെ പശ്ചാതലത്തിലാണ് എ.ജി - മുഖ്യമന്ത്രി കൂടിക്കാഴ്ച കേടതി വിധിയുടെ പ്രാഥമിക വിലയിരുത്തൽ മുഖ്യമന്ത്രിയെ എ.ജി അറിയിക്കും.