thief-arrested

കോട്ടയം: പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചശേഷം അടുക്കളയിലെത്തി ഒാംലറ്റ് ഉണ്ടാക്കി മദ്യം അകത്താക്കിയശേഷം പോർച്ചിൽ കിടന്ന കാറുമായി കടന്ന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് കാരൂർകോണം ജൂബിലി ഭവനിൽ ബിജു സെബാസ്റ്റ്യൻ (47), തിരുവല്ല കവിയൂർ ഞാൽഭാഗം ചക്കാലയിൽ ജേക്കബ് ജോസ് (കപ്യാർ ജോസ് - 44) എന്നിവരെയാണ് ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന് തിരുവല്ല പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിലേറെ മോഷണ കേസുകളിലെ പ്രതിയാണ് ബിജു. തോട്ടഭാഗം കത്തോലിക്ക പള്ളി വികാരിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു കപ്യാർ ജോസ്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് തിരുവല്ല തീപ്പനിപറമ്പിൽ പുത്തൻപുരയ്ക്കൽ സജീവ് മാത്യുവിന്റെ വീട്ടിൽ നിന്നാണ് മാരുതി സ്വിഫ്റ്റ് കാർ മോഷ്ടിച്ചത്. വീടിന്റെ മുൻവാതിൽ തകർത്താണ് ഇവർ അകത്തുകടന്നത്. കിടപ്പുമുറിയിൽ നിന്ന് താക്കോൽ കൈക്കലാക്കിയാണ് കാറുമായി കടന്നത്. വാതിലിൽ നിന്ന് ലഭിച്ച വിരലടയാളമാണ് പൊലീസിന് തുമ്പായത്. തിരുവല്ലയിൽനിന്ന് മോഷ്ടിച്ച കാറും അടൂരിൽ നിന്ന് കഴിഞ്ഞമാസം മോഷ്ടിച്ച സെൻ എസ്റ്റിലോ കാറും ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്ന് പൊലീസ് കണ്ടെടുത്തു.

കാൽനൂറ്റാണ്ടിലേറെയായി തമിഴ്നാട്ടിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി വാഹനങ്ങൾ മോഷ്ടിച്ച കേസുകളിൽ പ്രതിയാണ് ബിജുവെന്ന് ഡിവൈ.എസ്.പി ജെ.ഉമേഷ് കുമാർ പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.ജോസ്, സി.ഐ ബൈജുകുമാർ, എസ്.ഐമാരായ ആർ.എസ് രഞ്ചു, സലിം, പ്രഹ്ളാദൻ, എസ്.രാധാകൃഷ്ണൻ, ഷാഡോ പൊലീസ് അംഗങ്ങളായ അജികുമാർ, വിൽസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

തള്ളുവണ്ടിയിൽ കറങ്ങും

രാത്രിയിൽ 'അള്ള് ' വയ്ക്കും
പകൽ സമയങ്ങളിൽ പച്ചക്കറികളുമായി തള്ളുവണ്ടിയിൽ കറങ്ങിനടന്ന് വീടുകൾ നോക്കിവച്ച ശേഷം രാത്രിയിലെത്തി വാതിൽ തകർത്ത് മോഷണം നടത്തുന്നതാണ് ബിജുവിന്റെ രീതി. തീപ്പനിയിലെ സജീവ് മാത്യുവും കുടുംബവും ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ ബാംഗ്ലൂരിൽ പോയിരിക്കയായിരുന്നു. ഇത് മനസിലാക്കിയാണ് ബിജു കൂട്ടാളിയെയും കൂട്ടി മോഷണത്തിനെത്തിയത്. വാഹനങ്ങൾ മറിച്ചുവിറ്റ് ലഭിക്കുന്ന പണം ആർഭാട ജീവിതത്തിനാണ് ചെലവഴിച്ചിരുന്നത്.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. മറ്റൊരു മോഷണക്കേസിൽ പിടിക്കപ്പെട്ട ബിജു കഴിഞ്ഞമാസം ഏഴിനാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് മോചിതനായത്. അന്നുതന്നെയാണ് അടൂർ ഏഴംകുളത്തു നിന്ന് കാർ മോഷ്ടിച്ചതും.