ഒക്‌ലഹോമയിലെ സമ്മിറ്റ് വ്യൂ സെമിത്തേരിയിൽ എത്തുന്ന പലരും എൽമെർ മക്‌കർഡി എന്ന കുപ്രസിദ്ധ കൊള്ളക്കാരന്റെ കല്ലറ സന്ദർശിക്കാറുണ്ട്. ജീവിച്ചിരുന്നതിനെക്കാൾ സംഭവബഹുലമാണ് മരണശേഷമുള്ള എൽമെറുടെ കഥ. കുടുംബ പശ്ചാത്തലവും അവഗണനയും ചെറുപ്പത്തിൽ തന്നെ എൽമെറിനെ ഒരു മദ്യപാനിയാക്കി മാറ്റി. പ്ലംബർ മുതൽ ഖനി തൊഴിലാളിയായി വരെ എൽമെർ ജോലി ചെയ്‌തു. മൂന്ന് വർഷം ആർമിയിൽ സേവനം അനുഷ്ഠിച്ചു. ഒടുവിൽ, ഒരു കൊള്ളക്കാരനായി മാറി. പക്ഷേ, നടത്തിയ ബാങ്ക് കൊള്ളകൾ പലതും പരാജയപ്പെട്ടു.
പിന്നീട് 1911ൽ എൽമെറും സംഘവും ഒരു ട്രെയിൻ കൊള്ളയടിച്ചു. പക്ഷേ, ആകെ കിട്ടിയ ഏതാനും ഡോളറുകളുമായി അവർക്ക് സ്ഥലം വിടേണ്ടി വന്നു. ഒക്‌ലഹോമയിൽ തിരിച്ചെത്തിയ എൽമെർ പൊലീസിന്റെ വെടിയേറ്റ് 31ാം വയസിൽ കൊല്ലപ്പെട്ടു. മൃതദേഹം പൊലീസ് ഒരു ഫ്യൂണറൽ ഹോമിൽ എത്തിച്ചു. കുടുംബക്കാരോ സുഹൃത്തുക്കളോ എൽമെറുടെ മൃതദേഹം ഏറ്റെടുത്തില്ല. തുടർന്ന് ഫ്യൂണറൽ ഹോം, എൽമെറുടെ മൃതദേഹം ആർസെനിക് ചേർത്ത ദ്രവ്യത്തിൽ എംബാം ചെയ്‌ത് 'കീഴടങ്ങാത്ത കൊള്ളക്കാരൻ ' എന്ന പേരിൽ പ്രദർശനം ആരംഭിച്ചു. ഇത് കാണാൻ എത്തിയവരിൽ നിന്നും അവർ പണമീടാക്കി. അഞ്ച് വർഷം ഇത് തുടർന്നു. ഒരു കാർണിവൽ ഷോ എൽമെറുടെ മമ്മി ഫ്യൂണറൽ ഹോമിൽ നിന്നും വിലയ്‌ക്ക് വാങ്ങി അമേരിക്കയിലുടെനീളം പ്രദർശിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം അതൊരു സഞ്ചരിക്കുന്ന മ്യൂസിയത്തിലും തുടർന്ന് സ്വകാര്യ വ്യക്തിയുടെയും കൈകളിലെത്തി.
ഇനിയാണ് ട്വിസ്‌റ്റ്. 1976ൽ കാലിഫോണിയയിലെ ന്യൂ പീക്ക് അമ്യൂസ്‌മെന്റ് പാർക്കിൽ 'ദ സിക്‌സ് മില്യൺ ഡോളർ മാൻ ' എന്ന ടി.വി സീരീസിന്റെ ചിത്രീകരണത്തിനിടെ അവിടെ തൂക്കിയിട്ടിരുന്ന ഒരു മെഴുക് ആൾക്കോലം അണിയറപ്രവർത്തകർ കണ്ടു. അത് നീക്കാൻ ശ്രമിക്കവെ ആൾക്കോലത്തിന്റെ കൈ അടർന്നു വന്നു. ഉള്ളിൽ മനുഷ്യന്റെ കൈയുടെ അസ്ഥി കണ്ടു. പരിശോധനയിൽ മെഴുകും മറ്റ് വസ്‌തുക്കളും ചേർത്ത് സൂക്ഷിച്ച ഒരു മനുഷ്യ മമ്മിയാണിതെന്ന് കണ്ടെത്തി. ഫോറൻസിക് പരിശോധനകൾക്കൊടുവിൽ ഇത് എൽമെറിന്റേതാണെന്ന് മനസിലായി.
ഒടുവിൽ നീണ്ട 65 വർഷത്തെ യാത്രകൾക്കൊടുവിൽ 1977 ഏപ്രിൽ 22ന് എൽമെറുടെ മൃതദേഹം സമ്മിറ്റ് വ്യൂ സെമിത്തേരിയിലെ ബൂട്ട് ഹിൽ സെക്ഷനിൽ അടക്കം ചെയ്യുകയായിരുന്നു. മോഷ്‌ടിക്കപ്പെടാതിരിക്കാൻ രണ്ടടി നീളത്തിൽ കോൺക്രീറ്റ് പാളികൾ കൊണ്ട് മൂടിയ കല്ലറയ്‌ക്കുള്ളിലാണ് എൽമെറുടെ മൃതദേഹം അടക്കം ചെയ്തത്.