ദേശീയപാതയിലും സംസ്ഥാന പാതയിലും ടോൾ പ്ലാസ വഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് ഡിസംബർ ഒന്നുമുതൽ 'ഫാസ്റ്ര് ടാഗ്' നിർബന്ധമാക്കും. ഒരു ലൈൻ മാത്രം ഒഴിച്ചിട്ട് ടോൾ പ്ളാസകളിലെ മറ്റ് ലൈനുകളിലാണ് ഇത് ഏർപ്പെടുത്തുന്നത്. ടോൾ പ്ലാസകളിൽ നേരിട്ട് പണം നൽകുന്നത് ഒഴിവാക്കി മുൻകൂട്ടി പണമടയ്ക്കാൻ കഴിയുന്ന സംവിധാനമാണ് ഫാസ്റ്ര് ടാഗ്. ഇതോടെ ടോൾ പ്ലാസകളിൽ വാഹനങ്ങൾക്ക് ഏറെനേരം കാത്തുനിൽക്കാതെ കടന്നുപോകാനാവും. സമയം ലാഭിക്കാം, ഇന്ധന പാഴ്ചെലവ് ഒഴിവാക്കാം, ടോൾ പ്ലാസകളിലെ നടത്തിപ്പ് സുതാര്യമാക്കാം എന്നീ നേട്ടങ്ങളും ഇതിനുണ്ട്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ തയാറാക്കിയ നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (എൻ.ഇ.ടി.സി) ആണ് ഫാസ്റ്ര് ടാഗുകളെയും ടോൾ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്.
എന്താണ് ഫാസ്റ്ര് ടാഗ്
വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ പതിപ്പിക്കാവുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ ഡി) ടാഗാണിത്. ഇത് പതിപ്പിച്ചാൽ ടോൾ പ്ലാസയിൽ വാഹനം നിറുത്തി ടോൾ നൽകേണ്ടതില്ല. ഓരോ പ്ലാസയിലും വേണ്ടി വരുന്ന പണം ഫാസ്റ്ര് ടാഗ് അക്കൗണ്ടിൽ നിന്ന് കുറയ്കും, ബാങ്ക് അക്കൗണ്ടിലൂടെയോ ഓൺലൈനായോ ഇത് റീ ചാർജ് ചെയ്യാം.
എവിടെ കിട്ടും
ടോൾ പ്ലാസകളിൽ നിന്ന് നേരിട്ട് വാങ്ങാം. അല്ലെങ്കിൽ എസ്.ബി.ഐ , ഐ.സി.ഐ.സി ഐ, എച്ച്.ഡി.എഫ്.സി തുടങ്ങിയ ബാങ്കുകളിൽ നിന്നോ പേ ടിഎം തുടങ്ങിയവയിൽ നിന്നോ ഫാസ്റ്ര് ടാഗ് പ്രൊവൈഡർമാരിൽ നിന്നോ ലഭിക്കും. വാഹനത്തിന്റെ ആർ.സി ബുക്കിന്റെ രണ്ട് കോപ്പി, മേൽവിലാസം സംബന്ധിച്ച രേഖ, ഒരു ഫോട്ടോ എന്നിവ നൽകണം. പിന്നീട് ഓൺലൈനായി റീ ചാർജ് ചെയ്യാം. ഒരു വാഹനത്തിൽ ഒന്നിൽ കൂടുതൽ ഫാസ്റ്ര് ടാഗുകൾ പാടില്ല. ഇതുവരെ 52 ലക്ഷംപേർ ഫാസ്റ്റ് ടാഗ് എടുത്തുകഴിഞ്ഞു. ഒരു ടോൾ പ്ലാസ വഴി കടന്നു പോയാലുടൻ ബാക്കി എത്ര തുക അക്കൗണ്ടിലുണ്ടെന്ന് മൊബൈലിൽ എസ്.എം.എസ് ലഭിക്കും.