വാഷിംഗ്ടൺ:ഒരാൾ എന്നുമരിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാനാവുമോ? തീർത്തും അസാദ്ധ്യം എന്നല്ലേ പറയാൻ വന്നത്. എന്നാൽ,ഇക്കാര്യം അസാദ്ധ്യമല്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഒരാൾ ഒരുവർഷത്തിനുള്ളിൽ മരിക്കുമോ എന്ന് കൃത്യമായി പ്രവചിക്കാനും എന്നാണ് പെൻസിൽവാനിയയിലെ ജെയ്സിഞ്ചർ ഹെൽത്ത് സിസ്റ്റത്തിലെ ഗവേഷകർ പറയുന്നത്. ഇവർ നിർമിച്ച ആർട്ടിഫിഷൽ ഇന്റലിജൻസാണ് (നിർമിത ബുദ്ധി ) ഇത് സാദ്ധ്യമാക്കുന്നത്.
വ്യക്തിയുടെ ഇ.സി.ജി ഫലങ്ങൾ നിരീക്ഷിച്ചശേഷമായിരുന്നു പ്രവചനം.ഇ.സി.ജി സിഗ്നലുകൾ നേരിട്ട് വിശകലനം ചെയ്യാനും സാധാരണ ഇ.സി.ജി റിപ്പോർട്ടുകൾ താരതമ്യപ്പെടുത്താനും നിർമിത ബുദ്ധിക്ക് സാധിക്കും എന്നാണ് ഗവേഷകർ പറയുന്നത്.
ഒരാളുടെ ഇ.സി.ജി വിശകലം ചെയ്ത് അയാൾ ഒരുവർഷത്തിനുള്ളിൽ മരിക്കാനുള്ള സാദ്ധ്യത എത്രത്തോളമുണ്ടെന്നാണ് നിർമിത ബുദ്ധി പ്രവചിക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി നാലുലക്ഷത്തോളം രോഗികളുടെ 17.7 ലക്ഷം ഇ.സി.ജി ഫലങ്ങൾ വിശകലനം ചെയ്തു. മൂന്നിൽ കൂടുതൽ ഡോക്ടർമാർ പരിശോധിച്ച് പ്രത്യേകിച്ച് ഒരു കുഴപ്പവും കണ്ടെത്താത്ത ഇ.സി.ജികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവ വിശകലനം ചെയ്താണ് നിർമിത ബുദ്ധി മരണം കൃത്യമായി പ്രവചിച്ചത്. ഇതേ സംഘം തന്നെ നടത്തിയ മറ്റൊരു പഠനത്തിൽ ഭാവിയിൽ ഹൃദയമിടിപ്പിന്റെ താളം തെറ്റാൻ സാധ്യതയുള്ള രോഗികളെ കണ്ടെത്താനും നിർമിത ബുദ്ധിക്ക് കഴിയുമെന്ന് വ്യക്തമായിരുന്നു.
ഒരാളുടെ ഭാവികാര്യങ്ങൾ കണ്ടുപിടിക്കാൻ നിർമിതബുദ്ധി ഉപയോഗിക്കുന്നത് ആദ്യമായാണ്. ഇത് രോഗനിർണയത്തിന് ചെറുതല്ലാത്ത പങ്ക് വഹിക്കാനാവും എന്നാണ് കരുതുന്നത്.