dowry

ജയ്പൂർ: പതിനൊന്നു ലക്ഷത്തിനുപകരം സ്വീകരിച്ചത് പതിനൊന്നുരൂപയും ഒരു തേങ്ങയും. സി.ഐ.എസ്.എഫ് ജവനായായ ജിതേന്ദ്ര സിംഗാണ് വധുവിന്റെ പിതാവ് വിവാഹമണ്ഡപത്തിൽ വച്ച് സ്ത്രീധനമായി നൽകിയ പതിനൊന്നു ലക്ഷം രൂപ നിരാകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ജിതേന്ദ്രയ്ക്ക് അഭിനന്ദന പ്രവാഹമാണ് .

ഇൗ മാസം എട്ടിന് ജയ്പൂരിനുസമീപത്തുവച്ചായിരുന്നു വിവാഹം. നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയശേഷം പി.എച്ച്ഡി ചെയ്യുകയാണ് ജിതേന്ദ്രയുടെ ഭാര്യ. ചടങ്ങുകൾ നടക്കുന്നതിനിടെയാണ് വധുവിന്റെ പിതാവ് ഗോവിന്ദ സിംഗ് മരുമകന് നൽകാനുള്ള സമ്മാനവുമായി എത്തിയത്. എന്തിനാ ഇത്രയും പണം എന്ന് ചോദിച്ച ജിതേന്ദ്രയാേട് എന്റെ ചെറിയ സമ്മാനം എന്നാണ് ഗോവിന്ദസിംഗ് പറഞ്ഞത്. എനിക്ക് ഇൗ സമ്മാനം വേണ്ട എന്നായിരുന്നു തൊഴുകൈയോടെയുള്ള ജിതേന്ദ്രയുടെ മറുപടി.

എന്റെ ഭാര്യ ജുഡീഷ്യൽ സർവീസിലെത്താനുള്ള കഠിന പരിശീലനത്തിലാണ്. അതിൽ വിജയിക്കുകയാണെങ്കിൽ അതാണ് പണത്തെക്കാൾ കൂടുതൽ വിലപ്പെട്ടത്. സ്ത്രീധനം വാങ്ങുന്നത് ശരിയല്ല-ഇതായിരുന്നു ജിതേന്ദ്രയുടെ മറുപടി. മരുമകന്റെ വാക്കുകേട്ട് ശരിക്കും കരഞ്ഞുപോയെന്നാണ് ഗോവിന്ദസിംഗ് പറയുന്നത്.

ലോകത്തിന് തന്നെ മാതൃക എന്നാണ് ജിതേന്ദ്രയുടെ പ്രവൃത്തിയെ പലവരും വിശേഷിപ്പിക്കുന്നത്. ഭാവിയിലും ഇങ്ങനെതന്നെ വേണമെന്നും അവർ പറയുന്നു. ഇത്തരത്തിലൊരു മരുമകനെ കിട്ടിയതിൽ ഗോവിന്ദ സിംഗ് ദൈവത്തോട് നന്ദിപറയണമെന്നാണ് മറ്റുചിലർ ആവശ്യപ്പെടുന്നത്.