കിളിമാനൂർ:- പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി പനപ്പാംകുന്ന് ഗവണ്മെന്റ് എൽ.പി.എസിലെ അദ്ധ്യാപകരും വിദ്യാർഥികളും പി.ടി.എ പ്രതിനിധികളും ശിശുദിനത്തിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയും പ്രമുഖ കായിക പ്രതിഭയുമായിരുന്ന എസ്.എസ്.ഹിമബിന്ദുവിനെ വീട്ടിലെത്തി ആദരിച്ചു.ഹിമബിന്ദു വോളിബോളിൽ മഹാത്മാഗാന്ധി,കേരള സർവ്വകലാശാല ടീമംഗമായിരുന്നു.കേരള സർവ്വകലാശാല ഹാൻഡ്ബോൾ, ക്രിക്കറ്റ് ടീം അംഗം,സംസ്ഥാന സ്കൂൾ അത്‌ലറ്റിക്, വോളിബോൾ ടീമുകളിൽ അംഗവും ആറ്റിങ്ങൽ വിദ്യാഭ്യാസജില്ല ക്യാപ്റ്റനും ആയിരുന്നു.അന്തരിച്ച വോളിബോൾ താരം ശ്രീകണ്ഠക്കുറുപ്പിന്റെ ശിഷ്യയും തിരുവനന്തപുരം വോളീഫാമിലി ക്ലബിലെ ആജീവനാന്താംഗം എൻ.വിജയകുമാറിന്റെ സഹോദരി പുത്രിയുമാണ്. സ്കൂൾ പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഫ്ളക്സുകൾ ഒഴിവാക്കിയിരുന്നു. വീട്ടിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശശികലാദേവി അനുമോദന പ്രഭാഷണം നടത്തി.അദ്ധാപികമാരായ ഗീതാഞ്ജലി,വിജി,മതാപിതാക്കളായ സുമതി, ശശിധരൻ നായർ,പിടിഎ. പ്രതിനിധികളായ ജയ, ശാലിനി, പൂർവ വിദ്യാർത്ഥി പ്രതിനിധി ശശിധരക്കുറുപ്പ് എന്നിവർ പങ്കെടുത്തു.