k-surendran

തിരുവനന്തപുരം :യുവതീ പ്രവേശന വിധി സുപ്രീംകോടതി പുനഃപരിശോധിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ, ഈ മണ്ഡലകാലത്ത് വീണ്ടും യുവതികളെ സന്നിധാനത്ത് എത്തിക്കാൻ സർക്കാർ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഇപ്പോൾ പന്ത് പിണറായി വിജയന്റെ കോർട്ടിലാണ്. കോടതി നടപടിയും ഭക്തരുടെ വികാരവും മാനിച്ചുള്ള തീരുമാനമെടുക്കണം. സംഘപരിവാർ നേതാക്കൾ സന്നിധാനത്തേയ്ക്ക് എത്തണമോയെന്നത് മുഖ്യമന്ത്രിയുടെ തീരുമാനമനുസരിച്ചായിരിക്കും. ആക്ടിവിസ്റ്റുകൾക്കും അർബൻ നക്‌സലുകൾക്കും കയറാനുള്ള ഇടമല്ല ശബരിമല. സർക്കാർ നിലപാടിനായി കാത്തിരിക്കുകയാണ് നേർവഴിക്ക് പോയാൽ സമരത്തിനില്ല. യുവതീ പ്രവേശന വിധിക്ക് സ്റ്റേയില്ലെന്ന് പ്രചരിപ്പിക്കുന്നവർ നിയമത്തെ വെല്ലുവിളിക്കുകയാണ്. 2018സെപ്റ്റംബർ 28ൽ വന്ന വിധി ഇനി അപ്രസക്തമാണ്. അന്തിമ വിധി വരുന്നത് വരെ പൂർവ്വ സ്ഥിതി തുടരാൻ സർക്കാരും ദേവസ്വം ബോർഡും സുപ്രീം കോടതിയെ സമീപിക്കണം.

ഏഴംഗ ഭരണഘടനാബഞ്ചിന് വിഷയം കൈമാറിയ സുപ്രീംകോടതി നടപടിയിൽ വ്യക്തത വരാത്തത് മുഖ്യമന്ത്രിക്കും സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്ന ചില സംഘടനകൾക്കും മാത്രമാണ്. ദേവസ്വം, നിയമ മന്ത്രിമാർ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇനിയെങ്കിലും അവധാനതയോടെ വിഷയം കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാകണം. ശബരിമലയിൽ ഇത്തവണയും മണ്ഡലകാലത്ത് വരുമാനം കുറഞ്ഞാൽ അത് സംസ്ഥാനത്തെ ആയിരത്തിലധികം ക്ഷേത്രങ്ങളെയും ബാധിക്കും. മുഖ്യമന്ത്രിയുടെ ഉറ്റ അനുയായിയെ ദേവസ്വം ബോർഡിന്റെ തലപ്പത്ത് ഇരുത്തിയാൽ പ്രശ്നങ്ങളും പ്രതിസന്ധികളും അവസാനിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.