കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് ഡിസംബർ ഒന്നുമുതൽ വിട്ടുനിൽക്കാനുള്ള പ്രമുഖ സ്വകാര്യ ആശുപത്രികളുടെ തീരുമാനം ഏതുവിധേനയും തിരുത്തിക്കാൻ സർക്കാർ അടിയന്തര നടപടി എടുക്കേണ്ടതാണ്. പദ്ധതി പ്രകാരം രോഗികളെ ചികിത്സിച്ച ഇനത്തിൽ കോടിക്കണക്കിനു രൂപ സർക്കാർ കുടിശിക വരുത്തിയതിനെത്തുടർന്നാണ് സ്വകാര്യ ആശുപത്രി ഉടമകൾ സ്വരം കടുപ്പിച്ചത്. ഇക്കഴിഞ്ഞ 31 വരെ സർക്കാർ അൻപതു കോടി രൂപ നൽകാനുണ്ടത്രെ. ആശുപത്രികളും കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനാൽ സൗജന്യ ചികിത്സ നൽകാൻ സാധിക്കുന്നില്ലെന്ന ആശുപത്രികളുടെ നിലപാട് മനസിലാക്കാവുന്നതേയുള്ളൂ. സർക്കാരുമായി ഒപ്പുവച്ച കരാർ പ്രകാരം ഇൻഷ്വറൻസ് കമ്പനികളാണ് ആശുപത്രികൾക്ക് അപ്പപ്പോൾ ബില്ലുകൾ പ്രകാരമുള്ള ചികിത്സാചെലവ് നൽകേണ്ടത്. ഇൻഷ്വറൻസ് കമ്പനികൾക്ക് സർക്കാർ വേണം പണം നൽകാൻ. പണം അനുവദിക്കുന്നതിൽ സർക്കാർ വരുത്തുന്ന കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണ് മനസിലാകുന്നത്. സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാകാം ചികിത്സാ ഫണ്ടിലേക്കുള്ള അടവും വൈകിപ്പിക്കുന്നത്. നാല്പത്തൊന്നു ലക്ഷം പേരെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. ഇത്രയും പേർക്കായി 560 കോടി രൂപയാണ് പ്രീമിയം ഇനത്തിൽ ഇൻഷ്വറൻസ് കമ്പനികൾക്ക് സർക്കാർ നൽകേണ്ടത്. എന്നാൽ ഇതിനകം 90 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് കമ്പനി പ്രതിനിധികൾ പറയുന്നു. സക്കാരിൽ നിന്ന് പണം കിട്ടാതെ ആശുപത്രികളുടെ ബില്ലുകൾ പ്രകാരമുള്ള തുക നൽകാനാവില്ലെന്നു വ്യക്തമാക്കി കമ്പനികൾ കൈ കഴുകുകയാണ്. ആത്യന്തികമായി ഇതിന്റെ ദുരിതം പേറേണ്ടിവരുന്നത് പാവപ്പെട്ട രോഗികളും.
യശഃശരീരനായ കെ.എം. മാണി ധനകാര്യമന്ത്രിയായിരിക്കെ ആവിഷ്കരിച്ച 'കാരുണ്യ" ചികിത്സാ പദ്ധതി മാരക രോഗങ്ങൾ പിടിപെട്ട് ചികിത്സിക്കാൻ വഴികാണാതെ കഴിഞ്ഞിരുന്ന പതിനായിരക്കണക്കിനു പാവപ്പെട്ട രോഗികൾക്ക് പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം പകർന്ന ഒരു പുണ്യപദ്ധതിയായിരുന്നു. പദ്ധതി നടത്തിപ്പിനായി പ്രത്യേക ഭാഗ്യക്കുറി പോലും അദ്ദേഹം നടപ്പിലാക്കി. അതിൽ നിന്നുള്ള വരവ് പൂർണമായും 'കാരുണ്യ" ചികിത്സാ പദ്ധതിക്കായിട്ടാണ് വിനിയോഗിച്ചിരുന്നത്. ഉദ്ദേശ്യശുദ്ധി മനസിലാക്കി ജനങ്ങൾ കാരുണ്യ ലോട്ടറി ടിക്കറ്റ് വാങ്ങാൻ മുന്നോട്ടുവരാറുമുണ്ട്. കാരുണ്യ പദ്ധതി നിറുത്തലാക്കി ഇപ്പോഴത്തെ സർക്കാർ കൂടുതൽ വിപുലമായ തോതിൽ കൊണ്ടുവന്നതാണ് 'കാസ്പ്" എന്ന പേരിലുള്ള ആരോഗ്യ സുരക്ഷാ പദ്ധതി. പുതിയ പദ്ധതി നടപ്പാക്കിയപ്പോഴും പഴയ കാരുണ്യ പദ്ധതി പ്രകാരമുള്ള സഹായത്തിന് ഒരു കുറവും വരില്ലെന്നാണ് സർക്കാർ വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ പദ്ധതി നടത്തിപ്പിലെ ഗുരുതര വീഴ്ച പ്രകടമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിൽ നിന്ന് സ്വകാര്യ മേഖലയിലെ ഇരുനൂറോളം ആശുപത്രികൾ പിൻവാങ്ങാനൊരുങ്ങുന്നു. ചികിത്സയ്ക്ക് പണം ലഭിക്കുമോ എന്നറിയാതെ നൂറുകണക്കിന് പാവങ്ങൾ രോഗാവസ്ഥയുമായി കഷ്ടപ്പെടുന്നു. ഇന്ത്യയ്ക്കാകെ മാതൃകയായിരുന്ന കാരുണ്യ പദ്ധതിക്ക് ഇത്തരത്തിലൊരു നടത്തിപ്പുദോഷം ഉണ്ടാകാൻ പാടില്ലാത്തതാണ്. പാവപ്പെട്ട വിഭാഗങ്ങൾക്കായി ധാരാളം നല്ല കാര്യങ്ങൾ ചെയ്യുന്ന ഇപ്പോഴത്തെ സർക്കാർ വസ്തുതകൾ അന്വേഷിച്ച് പ്രതിസന്ധി സത്വരമായി പരിഹരിക്കാൻ ഉടനെ രംഗത്തിറങ്ങുകയാണു വേണ്ടത്.
വൃക്ക, കരൾ, ഹൃദയം, ഹീമോഫീലിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗുരുതര രോഗബാധിതരെ ഉദ്ദേശിച്ചുള്ളതായിരുന്നു കാരുണ്യ പദ്ധതി. നടപടിക്രമങ്ങൾ ഏറ്റവും ലളിതമായിരുന്നു എന്നതാണ് കാരുണ്യയെ ഏറ്റവും ശ്രദ്ധേയമാക്കിയത്. ചികിത്സിക്കുന്ന ആശുപത്രികളിലെ ബന്ധപ്പെട്ട ഡോക്ടറുടെ ഒപ്പോടെ ജില്ലാ ലോട്ടറി ഓഫീസിൽ അപേക്ഷ നൽകിയാൽ സഹായധനം ഉടൻ അനുവദിക്കുമായിരുന്നു. പതിനായിരക്കണക്കിനു നിർദ്ധന രോഗികളാണ് ഇത്തരത്തിൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ പൂർത്തിയാക്കി സുഖം പ്രാപിച്ചത്.
സർക്കാർ ആശുപത്രികളിൽ ലഭിക്കാത്ത പല വിദഗ്ദ്ധ ചികിത്സകളും സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ലഭിക്കും. പല കാരണങ്ങളാൽ സർക്കാർ ആശുപത്രികളിൽ പോകാനാകാതെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടിവരും. അവർക്കെല്ലാം വലിയ അളവിൽ ആശ്രയമായിരുന്നത് കാരുണ്യ പദ്ധതിയാണ്. സ്വകാര്യ ആശുപത്രികൾ കൂട്ടത്തോടെ പദ്ധതിയിൽ നിന്ന് പിൻവാങ്ങിയാൽ എല്ലാ കാര്യത്തിലുമെന്നപോലെ പാവങ്ങളാകും കഷ്ടത്തിലാകാൻ പോകുന്നത്. അത്തരത്തിലൊരു സാഹചര്യം ഉണ്ടാകരുത്. ആരോഗ്യമേഖലയിൽ ധാരാളം നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രഗത്ഭയായ മന്ത്രിയുള്ളപ്പോൾ ഇതുപോലുള്ള വീഴ്ചകൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇൻഷ്വറൻസ് കമ്പനികൾക്കും സ്വകാര്യ ആശുപത്രികൾക്കും ലഭിക്കാനുള്ള കുടിശികത്തുക അനുവദിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.