fathima-latheef

തിരുവനന്തപുരം: ചെന്നൈ ഐ.ഐ.ടിയിലെ വിദ്യാർത്ഥിനി കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമാ ലത്തീഫിനെ കാമ്പസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണം ചെന്നൈയിൽ ഊർജ്ജിതമായി നടന്നുവരികയാണെന്ന് എം.നൗഷാദിന്റെ സബ്മിഷന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ജി.സുധാകരൻ മറുപടി നൽകി. ഫാത്തിമയുടെ പിതാവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. മരണവുമായി ബന്ധപ്പെട്ട് നിലവിൽ സി.ആർ.പി.സി. 174 പ്രകാരം തമിഴ്‌നാട് കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ ക്രൈം നം. 394/2019 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. സംസ്ഥാന പൊലീസ് മേധാവി തമിഴ്‌നാട് ഡി.ജി.പിയുമായും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ വിശ്വനാഥനുമായി ബന്ധപ്പെട്ടിരുന്നു. കേസന്വേഷണം പൊലീസ് കമ്മീഷണറുടെ കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും കമ്മീഷണറും അഡീഷണൽ പൊലീസ് കമ്മീഷണറും മേൽനോട്ടം വഹിക്കുന്നുണ്ടെന്നും അഡീഷണൽ എസ്.പി തലത്തിലുള്ള വനിതാ ഉദ്യോഗസ്ഥയെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ സി.ബി.ഐയിൽ പ്രവർത്തനപരിചയമുള്ള ആളാണെന്നും മറുപടിയിൽ പറയുന്നു.