budject

വാർദ്ധക്യത്തിന്റെ ആകുലതകൾ നിയമസഭയെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. അനൗദ്യോഗികാംഗങ്ങളുടെ ദിവസമായ ഇന്നലെ, പി. ഉബൈദുള്ളയുടെ വയോജനകമ്മിഷൻ രൂപീകരണ ബില്ല് ആ ചിന്തയെ ബലപ്പെടുത്തുന്നതായി. വെള്ളിയാഴ്ചക്കുരുതിക്ക് നിർദ്ദാക്ഷിണ്യം തലവച്ചുകൊടുക്കാൻ വിധിക്കപ്പെട്ടതാണെങ്കിൽ പോലും ചർച്ചയ്ക്കൊരു കുറവുമുണ്ടായില്ലെന്ന് മാത്രമല്ല, ബില്ലിന്റെ പേറ്റന്റ് പോലും ഉബൈദുള്ളയ്ക്ക് നഷ്ടപ്പെട്ടോയെന്ന് തോന്നിക്കുന്ന ഇടപെടലുകളിലേക്ക് മറ്റംഗങ്ങൾ നീങ്ങുകയും ചെയ്തു.

അമ്പതു വയസായാലും സഭയ്ക്ക് പ്രായം കുറവെന്ന തോന്നലുണർത്താൻ സാധിക്കുന്നതിന് ഗോദ്‌റെജ് കമ്പനിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് തുറന്ന് സമ്മതിക്കുന്നത് മറ്റാരുമല്ല, സാമാജികർ തന്നെയാണ് ! ചുരുക്കിപ്പറഞ്ഞാൽ ഗോദ്‌റെജ് ഈ ശ്രീകോവിലിന്റെ ഐശ്വര്യം എന്നു ബോർഡെഴുതി വയ്ക്കേണ്ട സ്ഥിതി.

34 വയസിൽ എ.കെ. ആന്റണി മുഖ്യമന്ത്രിയും 35 വയസിൽ സി.എച്ച്. മുഹമ്മദ് കോയ സ്പീക്കറുമായി വിലസിയ സഭയാണ്. എന്നാലിപ്പോൾ ഏറ്റവും പ്രായക്കുറവുള്ള അംഗത്തിന് പോലും വയസ് നാല്പതിനടുത്താണെന്ന തോന്നലാണ് നിയമസഭയും വാർദ്ധക്യത്തിലേക്ക് കാലെടുത്തുവച്ചോയെന്ന് സംശയിക്കാൻ ടി.വി. ഇബ്രാഹിമിനെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ കണക്കെടുപ്പിൽ ഇപ്പോഴത്തെ ഏറ്റവും പ്രായം കുറഞ്ഞ എൽദോസ് കുന്നപ്പിള്ളിക്ക് നാല്പതിനടുത്താണ് പ്രായം. അദ്ദേഹത്തെക്കാൾ ചെറുപ്പക്കാർ സഭയിലുണ്ടെങ്കിലും അവരാരും ആ 'ക്ലെയിം' ഉന്നയിക്കാൻ അന്നേരം ഹാജരല്ലാതിരുന്നത് ഭാഗ്യം!.

ചർച്ചയിലെ അംഗങ്ങളുടെ ഇടപെടലുകൾ കൂടിവന്നപ്പോൾ ബിൽ അവതരിപ്പിക്കുന്നത് താനാണ് എന്നോർമ്മിപ്പിക്കേണ്ട ദൗർഭാഗ്യവും ഉബൈദുള്ളയ്ക്കുണ്ടായി.

നരച്ച മുടി ശോഭയുള്ള കിരീടമാണെന്ന് ഓർമ്മിപ്പിക്കാൻ എൽദോസ് കുന്നപ്പിള്ളിയെ പ്രേരിപ്പിച്ചത് തലമുടി കറുപ്പിക്കാൻ ഇതുവരെ ഗോദ്‌റെജിനെ ആശ്രയിക്കേണ്ടി വന്നിട്ടില്ലെന്ന അഹങ്കാരമാകാം. (അതോ ആശ്രയിക്കേണ്ടി വന്നിട്ടുണ്ടോ!). ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, വയോജനങ്ങൾക്കായി എറണാകുളത്ത് യൂണിവേഴ്സിറ്റി ഒഫ് തേഡ് ഏജ് എന്ന കല്പിത സർവകലാശാല ഉണ്ടാക്കിയ മഹാനാണ് താനെന്ന് കുന്നപ്പള്ളി സഭയെ അറിയിക്കുകയും ചെയ്തു.

ആർക്കെന്ത് പ്രായമായാലും വായനയിൽ ഇപ്പോഴും യുവാവ് കെ.യു. അരുണൻ മാസ്റ്റർ തന്നെ. ആൽബർ കാമു തൊട്ട് വൃദ്ധസദനമെഴുതിയ ടി.വി. കൊച്ചുബാവയെ വരെ കടമെടുത്ത് അദ്ദേഹം വാർദ്ധക്യത്തിന്റെ ഫിലോസഫി ചികഞ്ഞു. സമയം തന്നെ മിത്താകുന്ന കാലത്ത് വാർദ്ധക്യം ശാപമായി കരുതരുതെന്നാണ് പ്രൊഫ.എൻ. ജയരാജിന്റെ ഉപദേശം.

പുള്ളുവൻ സമുദായത്തെ പട്ടികജാതി വിഭാഗത്തിൽ പെടുത്താൻ പാർലമെന്റിൽ സ്വകാര്യബിൽ കൊണ്ടുവന്ന് അംഗീകരിപ്പിച്ചെടുത്ത പി.ടി. തോമസിന് ദുർമന്ത്രവാദവും അന്ധവിശ്വാസപ്രവൃത്തികളും നിരോധിക്കൽ ബിൽ കൊണ്ടുവരുമ്പോൾ തികഞ്ഞ ആത്മവിശ്വാസമായിരുന്നു. പക്ഷേ ഒറ്റശ്വാസത്തിൽ മന്ത്രി എ.സി. മൊയ്തീൻ ബിൽ തള്ളിയതോടെ ആത്മവിശ്വാസം നിരാശയിലേക്ക് വഴിമാറി. അന്ധവിശ്വാസത്തിന്റെ സൂപ്പർ മാർക്കറ്റായി കേരളം മാറിയെന്ന് തോമസ് വ്യസനിച്ചു. പി.എസ്.എൽ.വി വിക്ഷേപണത്തിന് മുമ്പ് ബഹിരാകാശ ശാസ്ത്രജ്ഞർ വിഘ്നം തീർക്കാൻ നാളികേരമുടച്ചത് അന്ധവിശ്വാസമോ അനാചാരമോയെന്ന് കെ. ബാബു സംശയിച്ചു. അതിനിടെ വി.പി. സജീന്ദ്രൻ ആളൊരു മന്ത്രവാദിയുമാണെന്ന് തെളിയിച്ചു: ഓം ഹ്രാം ക്ലാം അങ്കുഷ്ടാംഭ്യാം നമ:, ഓം ഹ്രീം ക്ലീം തർജനീഭ്യാം നമ: എന്നെല്ലാം ഗംഭീര മന്ത്രങ്ങൾ സജീന്ദ്രൻ ചൊല്ലി. ഇക്കാര്യത്തിലെല്ലാം നല്ല കഴിവുള്ളയാളാണ് സജീന്ദ്രനെന്ന് പി.ടി.തോമസ് കൈയോടെ സർട്ടിഫിക്കറ്റും നൽകി. ഐ.ബി.സതീഷ്, വി.പി.സജീന്ദ്രൻ എന്നിവരുടെ സ്വകാര്യബില്ലുകളും പരിഗണിച്ചു.